ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി എന്തിന് കുരിശുകൃഷി സംരക്ഷിക്കുന്നു? - ജോയ് മാത്യു

ക്രിസ്ത്യാനികൾ മറ്റുള്ളവർക്ക് കുരിശാകരുത്, കലക്ടറുടെ നടപടിയെ സ്വാഗതം ചെയ്ത് ജോയ് മാത്യു

aparna shaji| Last Modified വെള്ളി, 21 ഏപ്രില്‍ 2017 (08:47 IST)
മൂന്നാർ പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ വിവാദങ്ങളിലേക്ക് വഴിവെച്ചിരിയ്ക്കുകയാ‌ണ്. കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയതിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, കളക്ടറുടെ തീരുമാനത്തെ അനുകൂലിച്ച് നടൻ ജോയ് മാത്യുവും.

ജോയ് മാത്യുവിന്റെ വാക്കുകളിലൂടെ:

ക്രിസ്ത്യാനികൾ മറ്റുള്ളവർക്ക്‌ കുരിശാകരുത്‌.‌ സ്വയം കുരിശാകുകയാണു വേണ്ടത്‌. ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ കുരിശുകൾ സ്‌ഥാപിക്കും. പിന്നെ ഒരു രൂപക്കൂട്‌ വരും. അതിനോട്‌ ചേർന്ന് ഒരു ഭന്ധാരപ്പെട്ടി. മെഴുകുതിരി സ്റ്റാൻഡ്‌. തുടർന്ന് ഒരു ചെറിയ ഷെഡ്‌. അതിനു പ്രാർഥനാലയം എന്നു പേർ. പിന്നീടാണു അത്‌ കോടികൾ ചിലവഴിച്‌ പള്ളിയാക്കുക.

വെഞ്ചരിക്കൽ കർമ്മത്തിനു മന്ത്രിപുംഗവന്മാർ തുടങ്ങി ന്യായാധിപന്മാർ വരെ വന്നെന്നിരിക്കും. ഇനി പള്ളിപൊളിക്കാൻ വരുന്നവനെ കാണട്ടെ എന്ന ഹുങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ച്‌ തരണേ എന്ന പ്രാർഥന തുടങ്ങുകയായി. സ്വന്തമായി ഒരു കൂരയോ ഒരു സെന്റ്‌ ഭൂമിപോലുമോ ഇല്ലാത്ത ലക്ഷക്കണക്കിനു
മനുഷ്യർ ബുദ്ധിമുട്ടുന്നിടത്താണു മതത്തിന്റെ പേശീബലത്തിൽ മതമാഫിയകൾ ഏക്കറുകൾ
കൈവശപ്പെടുത്തുന്നത്‌.

അഞ്ചോ പത്തോ പേർ ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക. പിന്നെ അതൊരു സഭയായി മാറൂക. നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത്‌. ശരിയായ വിശ്വാസി ഈ കൃഷിയിൽ വിശ്വസിക്കില്ല എന്ന് പറയുമ്പോൾ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണ്?.

മത ചിഹ്നങ്ങൾ വെച്ചുള്ള കയ്യേറ്റങ്ങൾ ,അത്‌ ഏത്‌ മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആർജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവർമ്മെന്റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നത്‌. കുരിശ്‌ നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവർമ്മെന്റ്‌ നിലപാടിനെ സ്വാഗതം ചെയ്ത ബഹുമാനപ്പെട്ട ബിഷപ്പ്‌ ഗീവർഗ്ഗീസ്‌ മാർ കുറീലോസിന് മതനിരപേക്ഷമായി ചിന്തിക്കുന്ന കേരള ജനതയുടെ ആദരവ്.‌

എല്ലാ മതമേധാവികളും ഈ മാതൃക പിന്തുർന്നിരുന്നെങ്കിൽ ഈ നാട്‌ എപ്പഴേ നന്നായേനെ. ഓർക്കുക, ക്രിസ്ത്യാനി മറ്റുള്ളവർക്ക്‌ കുരിശാകരുത്‌. ‌സ്വയം കുരിശാകുകയാണു വേണ്ടത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :