ജിഷ്ണുവിന്റെ വീട് സന്ദർശിക്കാതിരുന്നത് സമയം കിട്ടാത്തതിനാലെന്ന് പിണറാ‌യി വിജയൻ; വീട്ടിലേക്ക് വരേണ്ടെന്ന് ജിഷ്ണുവിന്റെ അമ്മ

മുഖ്യമന്ത്രിയോട് വീട്ടിലേക്ക് വരേണ്ടെന്ന് ജിഷ്‌ണുവിന്റെ അമ്മ

നാദാപുരം| aparna shaji| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (07:41 IST)
പാമ്പാടി നെ‌ഹ്റു കോളേജ് വിദ്യാർത്ഥി ആയിരുന്ന ജിഷ്ണുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ ചൊവ്വാഴ്ചക്കകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ സെക്രട്ടറി‌യേറ്റിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും മഹിജ പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി തന്റെ വീട്ടിലേക്ക് സന്ദര്‍ശനത്തിന് വരേണ്ടതില്ലെന്നും ജിഷ്ണുവിന്റെ അമ്മ വ്യക്തമാക്കി. പ്രതി ചേര്‍ക്കപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതില്‍ കേരള സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മഹിജ സര്‍ക്കാരിനെതിരെ പ്രതികരിച്ചത്.

പൊലീസ് നടപടി പ്രതികള്‍ക്ക് മുന്‍കൂര്‍ ജ്യാമം ലഭിക്കാന്‍ ഇടയാക്കി. കൃഷ്ണദാസിനെ ഉന്നതര്‍ സംരക്ഷിക്കുന്നത് കൊണ്ടാണ് അറസ്റ്റ് വൈകുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. നടിയെ ആക്രമിച്ചപ്പോള്‍ ഉണ്ടായ ജാഗ്രത ജിഷ്ണു കേസില്‍ ഉണ്ടായില്ലെന്നും മഹിജ പ്രതികരിച്ചു.

ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ വാക്കുകള്‍ കാര്യമായി എടുക്കുന്നില്ലെന്നും വൈകാരികമായി മാത്രമേ ആ പ്രതികരണത്തെ കാണുന്നുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സമയം കിട്ടാത്തതിനാലാണ് ജിഷ്ണുവിന്റെ വീട് ഇതുവരെ സന്ദര്‍ശിക്കാതിരുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :