കൊച്ചി|
jibin|
Last Updated:
വ്യാഴം, 16 ജൂണ്‍ 2016 (09:45 IST)
പെരുമ്പാവൂർ ജിഷ വധക്കേസിൽ കൊലയാളിയെന്നു സംശയിക്കുന്ന അസം സ്വദേശി അമിയൂര്‍ ഇസ്ലാം കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇയാളുടെ ഡിഎൻഎ പരിശോധനാ ഫലം കൂടി ലഭിച്ചിട്ടു മാത്രം ഇയാളുടെ വിശദാംശങ്ങൾ പുറത്തു വിട്ടാൽ മതിയെന്നാണു അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിർദേശം. ഇയാള്‍ക്കൊപ്പം നാലു സുഹൃത്തുക്കളും അന്വേഷണ സംഘത്തിന്റെ കസ്‌റ്റ്ഡിയിലാണ്. ഇവരെ പൊലീസ് ചോദ്യം ചെയ്‌തുവരുകയാണ്.
പരിശോധനാഫലം ഉച്ചയോടെ ലഭിക്കമെന്നാണ് അറിയുന്നത്. പരിശോധനാഫലം അനുകൂലമായാല്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇയാള്‍ക്ക് ലൈംഗിക വൈകൃത സ്വഭാവമുള്ളതായും സൂചനയുണ്ട്. നാലു ദിവസമായി ഇയാള്‍ കസ്റ്റഡിയിലുള്ളതായാണ് സൂചന. ജിഷയുടെ വീടിന്റെ പണിക്ക് എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുന്നത്. ജിഷയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയാണ് പ്രതിയും കൂട്ടുകാരും താമസിച്ചിരുന്നത്.
ജിഷയുടെ വീടിന് സമീപത്തു നിന്നും ലഭിച്ച ചെരുപ്പ് കസ്‌റ്റ്ഡിയിലുള്ള അസം സ്വദേശിയുടേതെന്ന് വ്യക്തമായിട്ടുണ്ട്. ചെരുപ്പില്‍ ഉണ്ടായിരുന്ന രക്തക്കറ ഇയാളുടേത് ആണെന്നും തിരിച്ചറിഞ്ഞു. ജിഷയുടെ വസ്‌ത്രത്തില്‍ നിന്ന് ലഭിച്ച ഉമ്മിനീര് ഇയാള്‍ കടിച്ചപോള്‍ പറ്റിയതാണെന്നും മനസിലാക്കി. എന്നാല്‍, ഡിഎൻഎ പരിശോധനാ ഫലം കൂടി ലഭിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തമാകുകയുള്ളൂ.
അമിയൂര്‍ ഇസ്ലാം ജിഷയുടെ സുഹൃത്തായിരുന്നുവെന്നും പിന്നീട് ബന്ധം മുറിയുകയുമായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബർ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായിട്ടുണ്ട്.
ഏപ്രിൽ 28 നു ജിഷ കൊല്ലപ്പെടുന്നതിനു മുൻപ്, മാർച്ച് 15 നു ശേഷം പെരുമ്പാവൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. ആ സമയം ജിഷയോടൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇയാളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചു. ഇയാളാണ് അസം സ്വദേശിയെന്നാണ് റിപ്പോര്‍ട്ട്. അപേക്ഷ അയക്കാന്‍ ആണെന്ന് പറഞ്ഞായിരുന്നു ജിഷ ഫോട്ടോ എടുക്കാന്‍ പോയത്. എന്നാല്‍ വ്യത്യസ്ഥ തരത്തിലുള്ള ഫോട്ടോകള്‍ ആണ് അന്ന് ജിഷ എടുത്തത്. ഇതിന്റെ ഒരു കോപ്പി പോലും വീട്ടിലുണ്ടായിരുന്നില്ല.