ജിഷ വധം: നാട്ടുകാര്‍ അന്വേഷണം ഏറ്റെടുത്തതോടേ പൊലീസ് വെട്ടിലായി, പാട്ട പെറുക്കാനും ചൂലു വിൽക്കാനും കമ്പളിപ്പുതപ്പ് വിൽക്കാനുമൊക്കെ എത്തുന്നവരെ നാട്ടുകാര്‍ പിടികൂടുന്നു

കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തില്‍ നിരവധി പേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു

ജിഷയുടെ കൊലപാതകം , ജിഷ , ബലാത്സംഗം
മൂവാറ്റുപുഴ| jibin| Last Modified ശനി, 11 ജൂണ്‍ 2016 (08:50 IST)
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം രേഖാ ചിത്രം
പുറത്തുവിട്ടതോടെ നാട്ടുകാർ അന്വേഷണത്തിന് ഇറങ്ങിയത് പൊലീസിനു തലവേദനയാകുന്നു. ചിത്രത്തിലേതെന്ന് സംശയം തോന്നുന്നവരെ പിടികൂടി പൊലീസിനെ അറിയിക്കുകയാണ് ഇപ്പോള്‍ നാട്ടുകാര്‍.


വെള്ളിയാഴ്‌ച അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെയാണ് ജിഷയുടെ ഘാതകരെന്നു സംശയിച്ചു നാട്ടുകാർ പൊലീസിനു പിടിച്ചു നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തില്‍ നിരവധി പേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. സംശയം തോന്നുന്നവരെ ഓടിച്ചിട്ടു പിടികൂടാനും ആര്‍ക്കും മടിയില്ലാത്ത അവസ്ഥ എത്തിയതോടെ പൊലീസാണ് വെട്ടിലായത്.

ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും ആര്‍ക്കും കൊലപാതകവുമായി ബന്ധമൊന്നും ഇല്ലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇടുക്കിയിൽനിന്ന് മണികണ്ഠൻ എന്നയാളെ അറസ്‌റ്റ് ചെയ്‌തത്. പതിറ്റാണ്ടുകളായി മൂവാറ്റുപുഴയിൽ താമസിച്ചു ജോലി ചെയ്യുന്ന ഇയാള്‍ ഇടുക്കിയിൽ ബന്ധുവീട്ടിൽ പോയപ്പോഴാണ് പൊലീസ് അവിടെനിന്ന് അറസ്റ്റ് ചെയ്ത് പെരുമ്പാവൂരിലെത്തിച്ചത്. മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം നിരപരാധിയെന്നു കണ്ടു വിട്ടയക്കുകയായിരുന്നു.

സംസ്ഥാനത്ത് മഴ രൂക്ഷമായതോടെ വൈദ്യുതി മുടങ്ങുന്നതോടെ മൂവാറ്റുപുഴ മേഖലയിൽ മോഷണങ്ങൾ പെരുകിയിരിക്കുകയാണ്. പാട്ട പെറുക്കാനും ചൂലു വിൽക്കാനും കമ്പളിപ്പുതപ്പ് വിൽക്കാനുമൊക്കെ വീട്ടിലെത്തുന്നവരെയാണ് നാട്ടുകാർ ചോദ്യംചെയ്ത ശേഷം സംശയിക്കുന്നതും പൊലീസിനെ വിവരമറിയിക്കുന്നതും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :