കൊച്ചി|
jibin|
Last Modified വ്യാഴം, 30 ജൂണ്‍ 2016 (19:43 IST)
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലുള്ള അമീറുല്‍ ഇസ്‌ലാമിനെ ഇന്ന് പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചത് മുഖം മൂടിയില്ലാതെ. തികച്ചും നിര്‍വികാരനായിട്ടാണ് കോടതിയില്‍ അമീറുല്‍ എത്തിയത്. യാതൊരു ഭാവഭേദവും കൂടാതെ പൊലീസുകാരനൊപ്പം വാഹനനത്തില്‍ ഇരുന്ന ഇയാള്‍ ചുറ്റും നോക്കുന്നുണ്ടായിരുന്നു. ഇടയ്‌ക്ക് അമീറുലിന്റെ മുഖത്ത് ചെറു പുഞ്ചിരിയും കാണാപ്പെട്ടു.
എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതിയില്‍ വച്ച് ജഡ്‌ജി ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു അമീറുലിന്റെ മറുപടി.
നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഹെല്‍മറ്റും തുണിയും ഉപയോഗിച്ച് പൊലീസ് മുഖം മറച്ചിരുന്നു. തിരിച്ചറിയല്‍ പരേഡ് നടന്ന സാഹചര്യത്തില്‍ മുഖം മറയ്‌ക്കേണ്ട ആവശ്യമില്ലെന്ന അന്വേഷണ സംഘത്തിന്റെ തീരുമാന പ്രകാരമാണ് ഇന്ന് മുഖം മൂടി ഇല്ലാതെ അമീറുലിനെ കോടതിയില്‍ എത്തിച്ചത്.
അതേസമയം, അമീറുലിനെ കോടതി ജൂലൈ 13 വരെയാണ് റിമാൻഡ് ചെയ്‌തു. പ്രതിയെ കാണണമെന്ന് കോടതിയിൽ പ്രതിഭാഗം വക്കീൽ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ജില്ലാ ജയിലിൽ വെച്ച് അമീറുലിനെ പ്രതിഭാഗം വക്കീലിന് കാണാൻ സാധിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ നിന്നും കാക്കനാട് ജില്ലാ ജയിലിലേക്ക് അമീറുലിനെ മാറ്റാൻ കോടതി ഉത്തരവായി.
കൊലപാതകം ചെയ്തപ്പോൾ താൻ ഒറ്റയ്ക്കല്ല എന്നതായിരുന്നു അമീറുൽ അവസാനമായി നൽകിയ മൊഴി. സുഹൃത്ത് അനാറുളും ഉണ്ടായിരുന്നു എന്നാണ് പ്രതി മൊഴി നൽകിയത്. എന്നാൽ പൊലീസ് ഈ മൊഴി പൂർണമായും വിശ്വാസ്യതയിലെടുത്തിട്ടില്ല. അനാറുളിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.