ചാലക്കുടി|
സജിത്ത്|
Last Modified തിങ്കള്‍, 2 ഒക്ടോബര്‍ 2017 (09:53 IST)
ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ അങ്കമാലി സ്വദേശി
ചക്കര ജോണി പിടിയിൽ. ജോണിയേയും കൂട്ടാളിയായ രഞ്ജിത്തിനെയുമാണ് പാലക്കാട് നിന്ന് പിടികൂടിയത്. ഇരുവരേയും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്തു വരുകയാണ്.
മുഖ്യപ്രതിയായ ജോണിയെ പിടികൂടാൻ പൊലീസ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കൊരട്ടിയിലെ ജോണിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജോണിയുടെ പാസ്പോർട്ടുകൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇതോടെയാണ് ജോണി രാജ്യം വിട്ടിട്ടില്ലെന്ന് പൊലീസിനു വ്യക്തമായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ട് നിന്ന് ജോണിയെ പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അങ്കമാലി നായത്തോട് സ്വദേശിയായ രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജീവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം എസ്ഡി കോണ്‍വെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് രാജീവിനെ കാണാനില്ലെന്ന് മകന് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് മുമ്പും രാജീവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായും മകന് പൊലീസിന് മൊഴി നല്കി.