ജനസമ്പര്‍ക്കം : തുടര്‍നടപടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് മുഖ്യമന്ത്രി

കൊല്ലം| Last Updated: ചൊവ്വ, 12 മെയ് 2015 (19:24 IST)
ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച എല്ലാ പരാതികളും ഗൗരവത്തോടെ കാണണമെന്നും തുടര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. പതിനേഴു മണിക്കൂര്‍ നീണ്ടു നിന്ന കൊല്ലം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിക്ക് വിരാമംകുറിച്ച് ഫാത്തിമ മാതാ കോളേജ് ഗ്രൗണ്ടിലെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസമ്പര്‍ക്ക പരിപാടിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പരാതിപോലും അവഗണിക്കുകയില്ല. ഒരു പരാതിയും പരിഹാരമില്ലാതെ ശേഷിക്കുകയുമില്ല. കൊല്ലത്തെ ജനസമ്പര്‍ക്ക പരിപാടി ഇവിടെ അവസാനിക്കുകയല്ല. മറിച്ച് ഇത് ഒരു തുടക്കമാണ്. തീരുമാനമായ പരാതികളില്‍ തുടര്‍നടപടികള്‍ക്കും പുതിയ പരാതികളില്‍ തീരുമാനമെടുക്കുന്നതിനുമുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ശേഷിക്കുന്നത്. ഉദ്യോഗസ്ഥരുടെ അനുകൂല സമീപനം കൊല്ലത്തെ പരിപാടി വിജയകരമാക്കുന്നതിന് ഏറെ സഹായകമായി-മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍ നന്ദി പറഞ്ഞു. തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ ആദ്യന്തം മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :