ചര്‍ച്ച കഴിഞ്ഞു, വീരേന്ദ്രകുമാറിന് സന്തോഷമായി, ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസവും

കോഴിക്കോട്| vishnu| Last Modified ഞായര്‍, 3 മെയ് 2015 (17:23 IST)
പൊട്ടിത്തെറിയുടെ വക്കില്‍ എത്തിനിന്ന ജെഡിയു പ്രശ്നം ഒടുവില്‍ താല്‍ക്കാലികമായി ഒത്തു തീര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ജെഡിയു അധ്യക്ഷന്‍ വീരേന്ദ്രകുമാറും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രശ്നങ്ങള്‍ക്ക് താല്‍കാലിക വിരാമമായത്. രാഷ്ട്രീയമായ ഭിന്നിപ്പ് നിലനില്‍ക്കുന്നത് കാരണം യുഡി‌എഫിന്റെ വടക്കന്‍ മേഖലാ ജാഥയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതായി ജെഡിയു പറഞ്ഞിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ജാഥയില്‍ ജെഡിയു പങ്കെടുക്കുമെന്നാണ് ഉമ്മഞ്ചാണ്ടി പറഞ്ഞത്.

ജെഡിയു ഉന്നയിച്ച പ്രശ്നങ്ങളില്‍ ചിലത് ശരിയാണെന്നും അവ പരിഗണിക്കുമെന്നുമാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. അതിനു പിന്നാലെ തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രി ഉള്‍ക്കൊണ്ടതില്‍ സന്തോഷമുണ്ടെന്ന് വീരേന്ദ്ര കുമാര്‍ പ്രതികരിച്ചു. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയിട്ടുണ്ട്. യു.ഡി.എഫിന്റെ വടക്കന്‍ മേഖലാ ജാഥ വിജയിപ്പിക്കാന്‍ ജെ.ഡി(യു) രംഗത്ത് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ജെ.ഡി(യു) ഉന്നയിച്ച വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ഇതിനായി ഈ മാസം അഞ്ചിന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും വീരേന്ദ്ര കുമാറുമായി ചര്‍ച്ച നടത്തും. യു.ഡി.എഫ് സര്‍ക്കാരിന്റെ ഇത്രയും കാലത്തെ പ്രവര്‍ത്തനത്തിന് സഹായകരമായ നിലപാടാണ് ജെ.ഡി(യു) എന്നും സ്വീകരിച്ചിട്ടുള്ളത്. സംഘടനാ സംവിധാനത്തില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ല എന്നതാണ്ര പ്രധാന പരാതി. അത് അടിയന്തരമായി പരിഹരിക്കും.

പാലക്കാട് മണ്ഡലത്തില്‍ വീരേന്ദ്ര കുമാറിന്റെ തോല്‍വി സംബന്ധിച്ച് അന്വേഷിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അക്കാര്യത്തില്‍ നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫില്‍ ഒറ്റപ്പാര്‍ട്ടി മേധാവിത്വം ഇല്ല. എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ പ്രാധാന്യമാണുള്ളതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :