Sumeesh|
Last Modified ബുധന്‍, 24 ഒക്‌ടോബര്‍ 2018 (19:03 IST)
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ 50.33 ഏക്കർ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടുന്നു. ഭൂമി ബിനാമി ഇടപാടാണെന്ന കണ്ടെത്തലിനെ തുടർന്ന് കണ്ടുകെട്ടാനുള്ള തീരുമാനത്തിലേക്ക് ആദായ നികുതി വകുപ്പ് എത്തിച്ചേർന്നത്.
തമിഴ്നാട്ടിലെ വിരുതുനഗറിൽ രാജാപ്പാളയം താലൂക്കിലാണ് ജേക്കബ് തോമസിന്റെ പേരിൽ 50.33 ഏക്കർ സ്ഥലമുള്ളത്. 2001 രജിസ്റ്റർ ചെയ്യപ്പെട്ട ഈ ഭൂമി 2002ലും 2003ലും ഔദ്യോഗിക സ്വത്തുവിവര പട്ടികയിൽ ജേകബ് തോമസ് ഉൾപ്പെടുത്തിയിരുന്നെങ്കിലും 2003ന് ശേഷം ഈ ഭൂമിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ജേക്കബ് തോമസ് നൽകിയിരുന്നില്ല.
ഇതോടെ മൂന്ന് തവണ ആദായ നികുതി വകുപ്പ് ജേക്കബ് തോമസിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ നോട്ടീസ് അദ്ദേഹം കൈപ്പറ്റിയിരുന്നില്ല. രണ്ട് നോട്ടീസുകൾ കൈപ്പറ്റാതെ വന്ന സാഹചര്യത്തിൽ വിശദീകരണം
നൽകിയില്ലെങ്കിൽ ഭൂമി ബിനമി ഇടപാടിലുള്ളതാണെന്ന് കണക്കാക്കി ജപ്തി ചെയ്യുമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.
ജേക്കബ് തോമസിന്റെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും പേരിനോടൊപ്പം കാണിച്ചിരിക്കുന്ന വിലാസം കൊച്ചിയിലെ ഒരു കയറ്റുമതി കമ്പനിയുടേതാണ്. ഈ കമ്പനിയുടെ എം ഡി മറ്റൊരാളായതിനാൽ ഇത് ബിനാമി ഇടപാടണെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ് എത്തിച്ചേരുകയായിരുന്നു.