തിരുവനന്തപുരം|
jibin|
Last Updated:
ബുധന്‍, 5 ഓഗസ്റ്റ് 2015 (09:10 IST)
ലോക സമാധാനത്തിന് ഭീഷണിയായി വളരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരില്‍ (ഐഎസ് ഐഎസ്) മലയാളികള്‍ ഉണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണമായതിന് പിന്നാലെ ഇയാള്‍ ഒരു മാസം മുന്‍പും നാട്ടിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നതിന് തെളിവ് ലഭിച്ചു. പാലക്കാട് സ്വദേശിയായ യുവാവ് സോഷ്യല്‍ മീഡിയവഴി സുഹൃത്തുക്കളോടും ബന്ധുക്കളോടും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്‌തതായി രഹസ്യാന്വേഷണവിഭാഗം കണ്ടെത്തി.
ഒരു മാസം മുന്‍പാണ് ഒരു മലയാള പത്രത്തിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന യുവാവ് ബന്ധുക്കളുമായും ഉറ്റ സുഹൃത്തുക്കളുമായും ബന്ധപ്പെട്ടത്. ഈ സാഹചര്യത്തില്‍ യുവാവ് ബന്ധപ്പെട്ട ബന്ധുക്കളും സുഹൃത്തുക്കളും കര്‍ശന നിരീക്ഷണത്തിലായി. യുവാവ് ഇവരുമായി എന്താണ് സംസാരിച്ചതെന്നും, എന്തിനാണ് ബന്ധപ്പെട്ടതെന്നും അന്വേഷണം നടക്കും. ഫേസ്‌ബുക്ക് വാട്‍സ്ആപ് പോസ്റ്റുകള്‍ രഹസ്യാന്വേഷണവിഭാഗം കര്‍ശനമായി നിരീക്ഷിക്കാമും തുടങ്ങി.
ഇതേസമയം, യുവാവിന്റെ ബന്ധുക്കളെ അന്വേഷണ വിഭാഗം ചോദ്യം ചെയ്യുകയും ചെയ്‌തു. പ്ലസ്ടു ജയിച്ചു നില്‍ക്കുമ്പോള്‍തന്നെ യുവാവു ഭീകരവാദത്തില്‍ ആകൃഷ്ടനായിരുന്നുവെന്നു ബന്ധുക്കള്‍ മൊഴി നല്‍കുകയും ചെയ്‌തു. സോഷ്യോളജിയില്‍ ബിരുദമെടുത്ത ശേഷം പാലക്കാട് ഒരു മലയാള പത്രത്തില്‍ ജോലി ചെയ്യുകയുമായിരുന്നു. യുവാവിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ യുവാവിനെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും ഇയാള്‍ വഴങ്ങാതെ മുന്നോട്ട് പോകുകയായിരുന്നു. തുടര്‍ന്ന് ഈ വിവരങ്ങള്‍ പൊലീസ് അറിയുകയും ചെയ്‌തതോടെ സംസ്ഥാന സ്പെഷൽ ബ്രാഞ്ച് പൊലീസും ഇയാളെ അടുത്തു നിരീക്ഷിക്കാൻ തുടങ്ങി.
അന്വേഷണം ശക്തമായതോടെ ഇവിടത്തെ ജോലി രാജിവെച്ചു ഗൾഫിലേക്കു പോയി. അവിടുന്ന് സിറിയയിലേക്കു കടന്ന് ഐഎസില്‍ ചേരുകയായിരുന്നു. കുറച്ചുകാലം ഇയാളെക്കുറിച്ചു കാര്യമായ വിവരം ആർക്കുമില്ലായിരുന്നു. പിന്നീടു ലണ്ടനിൽ ഒരു ഐഎസ് പ്രവർത്തകൻ പിടിയിലായപ്പോഴാണ് ഇയാൾ ഉൾപ്പെടെ ചില ഇന്ത്യൻ ഐഎസ് പ്രവർത്തകരെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കു വിശദവിവരം ലഭിച്ചത്. എട്ടു മാസം മുൻപു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഇക്കാര്യം സംസ്ഥാന ആഭ്യന്തര വകുപ്പിനെ രഹസ്യമായി അറിയിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ക്രിമിനല്‍ പശ്ചാത്തലമുളളവരെ കുറിച്ചും ഇന്‍റലിജന്‍റ്സ് അന്വേഷണം തുടങ്ങി.