പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി

കൊച്ചി| JOYS JOY| Last Updated: തിങ്കള്‍, 10 ഓഗസ്റ്റ് 2015 (14:31 IST)
സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ പഞ്ചായത്ത് വാര്‍ഡ് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. റവന്യൂ വില്ലേജുകള്‍ വിഭജിച്ചു കൊണ്ടുള്ള വര്‍ഡ് വിഭജനം ആണ് ഹൈക്കോടതി റദ്ദാക്കിയത്. ഒരു റവന്യൂ വില്ലേജ് രണ്ട് പഞ്ചായത്തുകളിലായി വരുന്ന വിഭജനമാണ് റദ്ദാക്കിയത്.

വിഭജനത്തില്‍ നടപടിക്രമം പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു റവന്യൂ വില്ലേജ് രണ്ട് പഞ്ചായത്തുകളിലായി വരുന്നതു പോലെ ഒരു പഞ്ചായത്തില്‍ രണ്ട് റവന്യൂ വില്ലേജുകളിലെ പ്രദേശങ്ങള്‍ വരുന്ന രീതിയിലുമാണ് വിഭജനം നടന്നത്. ഈ വിഭജനമാണ് റദ്ദാക്കിയത്.

പഞ്ചായത്ത് വിഭജനം ഭാഗികമായി റദ്ദാക്കിയ സാഹചര്യത്തില്‍ പുതിയ 69 പഞ്ചായത്തുകളുടെ രൂപീകരണം മുഴുവന്‍ റദ്ദായേക്കും. അതേസമയം, പഞ്ചായത്തില്‍ വില്ലേജുകള്‍ പൂര്‍ണമായി ലയിക്കുന്നതിന് തടസമില്ല.

വിഭജനം ചോദ്യം ചെയ്ത് 48 ഓളം പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. 150 ഓളം പഞ്ചായത്തുകളുടെ വിഭജനമാണ് നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്ത് ആക്ട് അനുസരിച്ച് നിലവിലുള്ള വില്ലേജുകള്‍ അത് ഏത് പഞ്ചായത്തിലായാലും മുഴുവനായും നിലനിര്‍ത്തണമെന്നാണ് നിയമം. ഇത് പാലിക്കാതിരുന്നതാണ് വിഭജനം റദ്ദാക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

തിരുവനന്തപുരം കോര്‍പറേഷനിലെ ചില ഭാഗങ്ങള്‍ ചേര്‍ത്ത് കഴക്കൂട്ടും നഗരസഭ രൂപവത്കരിച്ചത് കഴിഞ്ഞയാഴ്ച ഹൈക്കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് പഞ്ചായത്ത് വിഭജനവും ഹൈക്കോടതി റദ്ദാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :