കേരളത്തിൽ മഴ കനത്തു; മഴക്കെടുതിയിൽ മൂന്ന് മരണം, നാല് പേരെ കാണാതായി, ജൂലൈ 23 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

23 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Last Modified ശനി, 20 ജൂലൈ 2019 (08:03 IST)
ഒരു ഇടവേളയ്ക്ക് ശേഷം മഴ ശക്തമായപ്പോള്‍ സംസ്ഥാനത്ത് പലയിടത്തും കനത്ത നാശനഷ്ടം. മഴക്കെടുതിയില്‍ മൂന്ന് പേര്‍ മരിച്ചതായും നാല് പേരെ കാണാതായതായുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 23 വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റും ഉണ്ടാകും.

ചിലയിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. തലശേരിയില്‍ വിദ്യാര്‍ത്ഥിയായ ചിറക്കര മോറക്കുന്ന് മോറല്‍ക്കാവിന് സമീപം സീനോത്ത് മനത്താനത്ത് ബദറുല്‍ അദ്‌നാന്‍(17) കുളത്തില്‍ വീണ് മരിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ മീന്‍ പിടിക്കാന്‍ പോയ തിരുവല്ല വള്ളംകുളം നന്നൂര്‍ സ്വദേശി ടി വി കോശി(54) മണിമലയാറ്റില്‍ വീണ് മരിച്ചു. കൊല്ലത്ത് കാറ്റില്‍ തെങ്ങ് വീണ് പനയം ചോനംചിറ സ്വദേശി കുന്നില്‍തൊടിയില്‍ ദിലീപ്കുമാര്‍(54) മരിച്ചു.

കോട്ടയം കിടങ്ങൂര്‍ കാവാലിപ്പുഴ ഭാഗത്ത് മീനച്ചിലാറ്റില്‍ ഒഴുകി വന്ന തടി പിടിക്കാനിറങ്ങിയ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കൊല്ലം നീണ്ടകരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം കാറ്റില്‍ പെട്ട് തകര്‍ന്ന് തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരെ കാണാതായതാണ് മറ്റൊരു സംഭവം. വിഴിഞ്ഞം തീരത്തു നിന്നും ബുധനാഴ്ച മീന്‍പിടിക്കാന്‍ പോയ നാല് പേരെ ഇന്നലെയും കണ്ടെത്തിയിട്ടില്ല.


കാസറഗോഡ് ജില്ലയില്‍ ഇന്നും കോഴിക്കോട്, വയനാട് ജില്ലയില്‍ നാളെയും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയാണ് ഈ ദിവസങ്ങളില്‍ ഇവിടെ പ്രതീക്ഷിക്കുന്നത്. മഴ ശക്തമായതോടെ കല്ലാര്‍കുട്ടി, പാംബ്ല, ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. 10 ക്യൂമെക്‌സ് വെള്ളമാണ് ഇപ്പോള്‍ സെക്കന്‍ഡില്‍ പുറത്തേക്കൊഴുകുന്നത്. പാംബ്ല അണക്കെട്ടില്‍ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 15 ക്യൂമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒമ്പത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി.

അതേസമയം വലിയ അണക്കെട്ടുകളെ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു. ഇവിടങ്ങളില്‍ ജലനിരപ്പ് കുറവായതാണ് കാരണം. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ചത്തേക്കാള്‍ 0.78 അടി വര്‍ധിച്ച് 2304.4 അടിയിലെത്തി. കഴിഞ്ഞവര്‍ഷം ഇത് 2380.42 അടിയായിരുന്നു. കഴിഞ്ഞ ദിവസം പമ്പ നദിയില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. മണപ്പുറത്തെ കടകളില്‍ വെള്ളം കയറി നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. മഴ ശമിയ്ക്കാത്തതിനാല്‍ പമ്പയിലെ വെള്ളപ്പൊക്കവും തുടരുകയാണ്.

ഇതിനിടെ ഇന്ന് രാത്രി 11.30 വരെയും പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള കടല്‍ത്തീരങ്ങളില്‍ 2.9 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനിടയുണ്ടെന്ന് ദേശീയ സമുദ്രപഠന കേന്ദ്രം അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :