രേണുക വേണു|
Last Updated:
വ്യാഴം, 16 ജനുവരി 2025 (09:45 IST)
Gopan Swami: ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചമ്രംപടിഞ്ഞ് ഇരിക്കുന്ന നിലയിലാണ് മൃതദേഹം. അരയ്ക്കു കീഴ്‌പ്പോട്ട് ഏതാണ്ട് അഴുകിയ നിലയില്‍ ആണ്. എന്നാല്‍ പൂര്‍ണമായി അഴുകിയിട്ടില്ല. മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്നുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
മൃതദേഹം പുറത്തെടുക്കുന്നതു കാണാന്‍ ഗോപന്‍ സ്വാമിയുടെ കുടുംബാംഗങ്ങള്‍ ആരും എത്തിയില്ല. കര്‍പ്പൂരം, ഭസ്മം അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് മൂടിയിരുന്നതിനാലാണ് മൃതദേഹം പൂര്‍ണമായി അഴുകാതിരുന്നത്. അങ്ങനെ പൂര്‍ണമായി അഴുകിയ നിലയില്‍ ആയിരുന്നെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയില്‍ കൊണ്ടുപോകുക പ്രയാസകരമായേനെ. മൃതദേഹം ഗോപന്‍ സ്വാമിയുടേത് തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുകിട്ടിയാല്‍ കുടുംബാംഗങ്ങള്‍ക്ക് ഇഷ്ടമുള്ള വിധം സംസ്‌കാരിക്കാന്‍ സാധിക്കും. ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയായിരുന്നു. മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തിയിരുന്നു.
പിതാവിനെ സമാധി ഇരുത്തിയതാണെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ മക്കള്‍ നിലപാടെടുത്തിരുന്നു. കല്ലറ തുറക്കണമെന്ന ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍ സ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കുടുംബത്തിന്റെ നിലപാടിനെതിരെ ഹൈക്കോടതി നിലകൊണ്ടു. കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 'ഗോപന്‍ എങ്ങനെ മരിച്ചു? മരണ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടോ?' എന്നീ ചോദ്യങ്ങളാണ് കോടതി ഗോപന്‍ സ്വാമിയുടെ കുടുംബത്തോടു ചോദിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണെങ്കില്‍ നിങ്ങളുടെ ആവശ്യം അംഗീകരിക്കാമെന്ന് പോലും കോടതി പറഞ്ഞു. കേസെടുക്കാനും അന്വേഷണം നടത്താനും പൊലീസിനു ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ തന്നെ കല്ലറ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
പ്രായാധിക്യത്താല്‍ രോഗാതുരനായി മരണശയ്യയിലായിരുന്ന ഗോപന്‍ 'സ്വര്‍ഗവാതില്‍ ഏകാദശി'യായ ജനുവരി ഒന്‍പതിനു സമാധിയാകുന്നതിനു ആഗ്രഹം പ്രകടിപ്പിച്ചുവെന്നും തങ്ങള്‍ അത് പൂര്‍ത്തീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഭാര്യയും മക്കളും നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളൊന്നും ഇല്ലെന്നും കുടുംബം അവകാശപ്പെടുന്നു. മത സ്വാതന്ത്ര്യത്തിനും മതപരമായ ചടങ്ങുകളോടെ മൃതദേഹം സംസ്‌കാരിക്കാനും തങ്ങള്‍ക്കു ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കുടുംബം കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളുകയായിരുന്നു.