തിരുവനന്തപുരം|
vishnu|
Last Modified തിങ്കള്‍, 5 ജനുവരി 2015 (12:43 IST)
ആരോപണങ്ങളില്‍ ഉറച്ചു തന്നെയെന്ന് വ്യക്തമാക്കി ഗണേഷ് കുമാര്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്ക്കുന്നതായി ഗണേഷ്കുമാര് ലോകായുക്തയെ അറിയിച്ചു. താന്‍ ആരോപണങ്ങളില്‍ ഉറച്ചു നിന്നതായി മാധ്യമ പ്രവര്‍ത്തകരൊട് ഗണേഷ്കുമാര് വെളിപ്പെടുത്തി. തന്റെ കൈയ്യിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കോടതി മൂന്ന്മാസം സമയം അനുവദിച്ചതായും ഗണേഷ്കുമാര് പറഞ്ഞു.
നിയമസഭയില്‍ നടത്തിയ ആരോപണത്തില്‍ മന്ത്രിയുടെ ഓഫീസിനേയായിരുന്നു പ്രതികൂട്ടില്‍ നിര്‍ത്തിയത്. എന്നാല്‍
ലോകായുക്ത കോടതിയില്‍ കൊടുത്ത മൊഴിയില്‍ നിന്ന് മന്ത്രിയെ ഒഴിബ്വാക്കിയിട്ടില്ലെന്നും ഗണേഷ്കുമാര് അറിയിച്ചു. താന്‍ ആവശ്യപ്പെട്ട വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ ലഭിക്കാനുള്ള ചില രേഖകള്‍ കൂടി ലഭിച്ചാല്‍ തെളിവുകള്‍ പൂര്‍ണ്ണമായും കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഗണേഷ്കുമാര് പറഞ്ഞു.
നാഷണല്‍ ഗെയിംസില്‍ അഴിമതി ഉണ്ടെന്ന് വിശ്വസിക്കുന്നതായും ഗെയിംസിന്റെ പേരില്‍ തിരുവന്തപുരത്ത് പിഡബ്ലിയുഡി നടത്തുന്ന റോഡ് പണിയില്‍ അഴിമതിയുണ്ടെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ഗെയിംസിനായി വന്‍തുക ചെലവാക്കിയാണ് റോഡ് പണി നടക്കുന്നത്. നേരത്തെ പണി തീര്‍ക്കുന്നതിനായി എന്ന പേരിലാണ് അധികം തുക നല്കി പണി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. അഴിമതി നടത്തിയ മറ്റൊരു മന്ത്രിയുടെ പേര് ഉടനെ വെളിപ്പെടുത്തുമെന്നും അതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഗണേഷ് അറിയിച്ചു.