അധ്യാപക നിയമന തട്ടിപ്പിലൂടെ കോടികൾ തട്ടി: മൂന്നു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 10 മാര്‍ച്ച് 2023 (19:25 IST)
തൃശൂർ: അധ്യാപക നിയമന വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാട്യം സ്വദേശി പ്രശാന്ത് (45), കണ്ണൂർ എടക്കാട് ചാല വെസ്റ്റ് സ്വദേശി ശരത് (25), മറ്റം എളവള്ളി സ്വദേശി മഞ്ജുള വർണൻ (46) എന്നിവരാണ് പിടിയിലായത്.

ഗുരുവായുർ സ്വദേശിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു പ്രതികളെ പിടികൂടിയത് പാവറട്ടി പൊലീസാണ്. എളവള്ളി പഞ്ചായത്തിലെ വാക മാലതി യു.പി.സ്‌കൂൾ മാനേജർ എന്ന നിലയിലാണ് പ്രശാന്ത് തട്ടിപ്പ് തുടങ്ങിയത്. ഗുരുവായൂർ സ്വദേശിയുടെ ഭാര്യ, സഹോദരി എന്നിവർക്ക് സ്‌കൂളിൽ അധ്യാപകരായി ജോലി നൽകാം എന്ന് പറഞ്ഞു പലപ്പോഴായി 58 ലക്ഷം രൂപയാണ് തട്ടിയത്. എന്നാൽ ജോലിയും ലഭിച്ചില്ല പണവും തിരികെ നൽകിയില്ല. തുടർന്നാണ് പരാതി നൽകിയത്.

പ്രതിയെ അറസ്റ്റ് ചെയ്തു നടത്തിയ തുടർ അന്വേഷണത്തിൽ ഇയാൾ കുന്നംകുളം, പീച്ചി, പത്തനംതിട്ട തുങ്ങിയ ആറിലേറെ സ്ഥലങ്ങനളിൽ നിന്ന് ഒരു കോടി രൂപയിലധികം തട്ടിയെടുത്ത് എന്നാണു കണ്ടെത്തിയത്. എസ്.എച്ച്.ഒ എം.കെ.രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുഖ്യപ്രതി പ്രശാന്തിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :