ഭീതിപടര്‍ത്തി വീണ്ടും തീക്കാറ്റ്, അന്തംവിട്ട് തുമ്പില്ലാതെ ഗവേഷകര്‍

കൊയിലാണ്ടി| VISHNU N L| Last Modified വ്യാഴം, 25 ജൂണ്‍ 2015 (13:38 IST)
ജനങ്ങളില്‍ ആശങ്ക പടര്‍ത്തി കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ തീക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തു. കൊയിലാണ്ടിയിലും മലപ്പുറത്തെ വള്ളിക്കുന്നിലും ആലപ്പുഴ ജില്ലയിലെ പുറക്കാട്ടുമാണ് തീക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊയിലാണ്ടിയില്‍ കൊല്ലം പാറപ്പള്ളി മുതല്‍ മന്ദമംഗലം തീരംവരെ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് തീക്കാറ്റടിച്ചത്. പ്രദേശത്തെ നിരവധി ഫലവൃക്ഷങ്ങളും പുല്ലും ഉണങ്ങിക്കരിഞ്ഞു.

കഴിഞ്ഞദിവസം തീക്കാറ്റ് വീശിയ സ്ഥലത്തു നിന്നും 100 മീറ്റര്‍ അകലെയാണ് ഇപ്പോള്‍ തീക്കാറ്റ് ഉണ്ടായിരിക്കുന്നത്. പുറക്കാട് തീരദേശമേഖലയില്‍ ഒരു കിലോമീറ്ററിലേറെ സ്ഥലത്ത് മരങ്ങളും ചെടികളും കരിഞ്ഞുണങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ് ഇലകള്‍ കരിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം ആരുമിത് കാര്യമാക്കിയില്ല. കോഴിക്കോട്, കണ്ണൂര്‍ തീരങ്ങളില്‍ തീക്കാറ്റ് വീശിയടിച്ചതറിഞ്ഞപ്പോഴാണ് പുറക്കാട്ടുകാര്‍ ഇത് ഗൗരവമാക്കിയത്.

മാവ്, കശുമാവ് അടക്കമുള്ള മരങ്ങളുടെ ഇലകളും തെങ്ങിന്റെ ഓലയും കരിഞ്ഞിട്ടുണ്ട്. ഇവിടെ ദേശീയപാതയ്ക്കും കടലിനുമിടയില്‍ 25 മീറ്ററില്‍ താഴെ മാത്രമാണ് കരഭാഗമുള്ളത്. രാത്രിസമയത്താണ് തീക്കാറ്റ് ഉണ്ടായിട്ടുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. മലപ്പുറത്തെ വള്ളിക്കുന്ന്, കടലുണ്ടിനഗരം, അഞ്ചുട്ടിക്കല്‍ മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തീക്കാറ്റുണ്ടായത്.

തീക്കാറ്റിനു മുന്നൊടിയായി ഈ പ്രദേശങ്ങളിലെല്ലാം കടുത്ത ചൂട് അടിച്ചിരുന്നതായി ജനങ്ങള്‍ പറയുന്നു. എന്നാല്‍; ഇതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് സാധിച്ചിട്ടില്ല. പ്രതിഭാസത്തിന് പിന്നില്‍ തീക്കാറ്റ് അല്ലെന്നും മറിച്ച് ആസിഡ് മഴയ്ക്ക് സമാനമായ പ്രതിഭാസമാകാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നു.

മണ്‍സൂണിന്റെ തുടക്കത്തില്‍ അന്തരീക്ഷത്തിലുള്ള ചില രാസധൂളികള്‍ കടല്‍ക്കാറ്റില്‍ തീരദേശങ്ങളിലെ വൃക്ഷങ്ങളിലും ചെടികളിലും പറ്റിപ്പിടിക്കുകയും മഴമാറി ചൂടുവരുമ്പോള്‍ രാസപ്രവര്‍ത്തനം വഴി ഇതു പറ്റിപ്പിടിച്ച ഭാഗം കരിഞ്ഞുണങ്ങുകയും ചെയ്യാനാണ് സാധ്യതയെന്ന് പറയുന്നുണ്ട്്്. ഇത് ആസിഡ് മഴയ്ക്ക് സമാനമായ പ്രതിഭാസമാണ്. അല്ലാതെ തീക്കാറ്റുകൊണ്ടുള്ളതല്ല. അഗ്നിപര്‍വത സ്‌ഫോടനം വഴിയൊക്കെ വന്‍തോതില്‍ രാസമാലിന്യം അന്തരീക്ഷത്തില്‍ ഉണ്ടാവുന്നുണ്ട്. ലക്ഷദ്വീപിലും മറ്റും മണ്‍സൂണ്‍ കാലഘട്ടത്തില്‍ ചെടികള്‍ കരിയുന്ന പ്രവണത കണ്ടുവന്നതായി തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് പറഞ്ഞു.

അതിശക്തമായ തിരമാലയില്‍ നിന്ന് തെറിക്കുന്ന ഗാഢതകൂടിയ ലവണജലം ഇലകളില്‍ ശക്തമായി തട്ടുമ്പോള്‍ ചിലത് ഉണങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നും കരുതുന്നുണ്ട്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മണ്‍സൂണ്‍ കുറയുകയും മഴയോടെപ്പം ശക്തമായ ചൂടോടു കൂടിയ അന്തരീക്ഷം ഉണ്ടാകുന്നതും ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണമാകാമെന്ന് കണ്ണൂര്‍ സര്‍വകാലാശാല അന്തരീക്ഷ പഠനവിഭാഗം മുന്‍മേധാവി എംകെ സതീഷ്‌കുമാര്‍ പറയുന്നു.

ചെടികള്‍ കരിയുന്ന സംഭവത്തെ കുറിച്ച് കാലാവസ്ഥാ കേന്ദ്രം ഇതുവരെ പരിശോധന നടത്തിയിട്ടില്ല. അതേസമയം ഇത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടത് പൊലൂഷന്‍ കണ്‍ട്രോള്‍ വിഭാഗമാണെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :