രേണുക വേണു|
Last Modified തിങ്കള്‍, 2 ഡിസംബര്‍ 2024 (15:53 IST)
Fengal Cyclone: തമിഴ്‌നാടിനു മുകളില്‍ ശക്തി കുറഞ്ഞ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും മുകളിലൂടെ ന്യൂനമര്‍ദ്ദമായി ഇന്ന് രാത്രി / നാളെയോടെ അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യത. ഇതിന്റെ ഭാഗമായി മധ്യവടക്കന്‍ ജില്ലകളില്‍ ഇന്ന് വൈകുന്നേരം മുതല്‍ നാളെ രാവിലെ വരെ മഴ ശക്തമാകാന്‍ സാധ്യത. വടക്കന്‍ തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുത്. ശബരിമല തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പാലിക്കുക.
പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേരള തീരത്ത് ഇന്നും നാളെയും (ഡിസംബര്‍ 2, 3) തെക്കന്‍ കര്‍ണാടക തീരത്ത് ഇന്നും കര്‍ണാടക തീരങ്ങളില്‍ നാളെയും ലക്ഷദ്വീപ് പ്രദേശത്ത് ഡിസംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ അഞ്ച്
വരെയും തിയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
മണിമല നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിമല നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.