കാഞ്ഞിരംകുളം|
AISWARYA|
Last Modified തിങ്കള്‍, 4 ഡിസംബര്‍ 2017 (11:01 IST)
പുതിയതുറ തീരത്ത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി പള്ളിയില്‍ കൂട്ടമണിയും സുനാമി വരുന്നേ എന്ന അലര്‍ച്ചയും. സുനാമി വരുന്നെന്ന സന്ദേശം പരന്നതോടെ പുതിയതുറ കടല്‍ത്തീരം ഒന്നിനു പുറകെ ഒന്നായി ആശങ്കകടലിലായി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കേരളത്തെ ഭീതിയിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റിനും കടുത്ത മഴയ്ക്കും ശേഷം കടലില്‍ കുടുങ്ങിപ്പോയവര്‍ക്കായി പ്രാര്‍ത്ഥിച്ചും, കണ്ണീരൊഴുക്കിയും കാത്തിരിക്കുന്ന പുതിയതുറ തീരത്താണ് മറ്റൊരു ദുരന്തം കൂടി സംഭവിക്കുന്നുവെന്ന സന്ദേശം എത്തിയത്.
സന്ദേശം പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി പായുകയായിരുന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും, സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവയുമായി വിദ്യാര്‍ത്ഥികളും പാഞ്ഞു. സെന്റ് നിക്കോളാസ് പള്ളിമുറ്റത്ത് പാഞ്ഞെത്തിയ ജനം തടിച്ചുകൂടി. തുടര്‍ന്നാണ് അറിയുന്നത് സന്ദേശം പരത്തിയത് ഏതോ സാമൂഹ്യവിരുദ്ധന്‍ ആയിരുന്നുവെന്ന്. തുടര്‍ന്ന് പൊലീസും, തഹസില്‍ദാറുമായി ബന്ധപ്പെട്ട് സുനാമി ഭീഷണിയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പുതിയതുറ നിവാസികള്‍ പള്ളിമുറ്റത്ത് നിന്ന് മടങ്ങിയത്.