മുക്കുപണ്ടം പണയം വച്ച കേസിലെ കൂട്ട് പ്രതിയായ അപ്രൈസര്‍ മരിച്ച നിലയില്‍

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2020 (16:08 IST)
കോഴിക്കോട്: ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് 1.69 കോടി രൂപ തട്ടിയ യുവതിയെ പോലീസ് അറസ്‌റ് ചെയ്ത കേസില്‍ കൂട്ട് പ്രതിയായായ യൂണിയന്‍ ബാങ്കിലെ അപ്രൈസര്‍ പയിമ്പ്ര സ്വദേശി ചരപ്പറമ്പ് ചന്ദ്രന്‍ എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പയിമ്പ്ര പുത്തുകുളത്തിലെ വീട്ടിനടുത്തുള്ള അമ്പല കുളത്തില്‍ ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. ഈ കേസില്‍ ചന്ദ്രന്‍ ഉള്‍പ്പെടെ ഒമ്പതു പേരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്.

വയനാട് ഇരുളം പുതിയേടത്തു വീട്ടില്‍ കെ.കെ.ബിന്ദു എന്ന 43 കാരിയാണ് പോലീസ് ആദ്യം ഒന്നാം പ്രതിയാക്കി അറസ്‌റ് ചെയ്തത്. കോഴിക്കോട്ടെ പി.എം.താജ് റോഡിലെ യൂണിയന്‍ ബാങ്കിലാണ് അഞ്ചര കിലോ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഒമ്പത് അല്‍കൗണ്ടുകളില്‍ നിന്നായി 44 തവണയാണ് ഈ ബാങ്ക് ശാഖയില്‍ വ്യാജ സ്വര്‍ണ്ണം പണയം വച്ചത്. നടക്കാവിനടുത്തുള്ള ബിലാത്തികുളത്തെ ഒരു ഫ്ളാറ്റിലാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്നത്. ചിട്ടി തട്ടിപ്പ് കേസിലെ പ്രതികൂടിയാണ് ഇവര്‍.

ബാങ്കില്‍ നടന്ന വാര്‍ഷിക ഓഡിറ്റിനോട് അനുബന്ധിച്ച് നടന്ന പരിശോധനയിലാണ് ഇത്ര വലിയ തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ കോഴിക്കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയും സിറ്റി പോലീസ് ചീഫ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സംഘം രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിന്ദുവിനെ അറസ്‌റ് ചെയ്തത്. മറ്റു പ്രതികള്‍ക്കെതിരെ കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ച സമയത്താണ് കേസിലെ പ്രതിയായ അപ്രൈസര്‍ ചന്ദ്രന്റെ മരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :