സഹോദരന്‍ കുടുങ്ങുമെന്ന് തോന്നിയപ്പോള്‍ രാജിവച്ചു; കായികമന്ത്രി രഹസ്യാന്വേഷണം നടത്തിയപ്പോള്‍ സര്‍ക്കാരിനെ അപമാനിച്ച് രക്ഷപ്പെട്ടു - അഞ്ജുവിന്റെ ഇടപെടലുകള്‍ വ്യക്തമാകുന്നു

കഴിഞ്ഞ ആറുമാസത്തെ ഭരണസമിതി തീരുമാനങ്ങളും നിയമനങ്ങളും കായിക മന്ത്രി പരിശോധിച്ചു

  ഇപി ജയരാജന്‍ , അഞ്ജു ബോബി ജോര്‍ജ് , അജിത്ത് മാര്‍ക്കോസ്
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 23 ജൂണ്‍ 2016 (09:20 IST)
കായികമന്ത്രി ഇപി ജയരാജന്റെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതോടെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്നു അഞ്ജു ബോബി ജോര്‍ജ് രാജിവച്ചത് സഹോദരനും കൗണ്‍സില്‍ അസി സെക്രട്ടറിയുമായ (ടെക്നിക്കല്‍) അജിത്ത് മാര്‍ക്കോസിനെ രക്ഷിക്കാനെന്ന് റിപ്പോര്‍ട്ട്.

അജിത്ത് മാര്‍ക്കോസിനെതിരെ കായികമന്ത്രി രഹസ്യാന്വേഷണം നടത്തുന്നുവെന്ന് മനസിലാക്കിയ അഞ്ജു സാഹചര്യം മോശമാകുമെന്ന് മനസിലാക്കി ഒരു മുഴം നീട്ടിയെറിയുകയായിരുന്നു. അന്വേഷണം നടന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമായ അഞ്ജു രാജിവയ്‌ക്കുകയായിരുന്നു.

താന്‍ വലിഞ്ഞുകയറി വന്നതല്ലെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവെക്കൂ എന്നുമായിരുന്നു നേരത്തേയുള്ള അഞ്ജുവിന്റെ നിലപാട്. എന്നാല്‍, കായിക മന്ത്രി അന്വേഷണം നടത്തുന്നതോടെ ഒരു മുഴം നീട്ടിയെറിയാന്‍ അവര്‍ തയാറാകുകയായിരുന്നു. സ്വയം രാജിവെക്കുന്നതോടൊപ്പം സഹോദരന്റെ രാജി കൂടി പ്രഖ്യാപിക്കുക വഴി ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോപണങ്ങളെ തടയിടുകയാണ് ലക്ഷ്യം.

കഴിഞ്ഞ ആറുമാസത്തെ ഭരണസമിതി തീരുമാനങ്ങളും
നിയമനങ്ങളും കായിക മന്ത്രി പരിശോധിച്ചു. ഇതിലാണ് അജിത്ത് മാര്‍ക്കോസിന് അസിസ്റ്റന്‍റ് സെക്രട്ടറി ആയിരിക്കാന്‍ മതിയായ യോഗ്യതയില്ലെന്ന് കണ്ടത്തെിയത്. സ്പോര്‍ട്സ് രംഗത്തുള്ള ഒരു അനുഭവ പരിചയവും അജിത്ത് ബയോഡാറ്റയില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ പുറത്താന്‍ സര്‍ക്കാര്‍ കോപ്പുകൂട്ടുന്നതിനിടെയാണ് രാജിയുമായി അഞ്ജു എത്തിയത്. ഇതോടെ സര്‍ക്കാരില്‍ നിന്ന് എന്ത് തീരുമാനമുണ്ടായാലും അതിന്റെ മുനയൊടിക്കുക എന്നായിരുന്നു ലക്ഷ്യം.

കൂടാതെ അജിത്ത് മാര്‍ക്കോസ് നടത്തിയ വിദേശ സന്ദര്‍ശനങ്ങളെക്കുറിച്ചും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. അഞ്ജുവിന്റെ തണലില്‍ ഇയാള്‍ വഴിവിട്ട നടപടികള്‍ സ്വീകരിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

യാതൊരു യോഗ്യതയും ഇല്ലാത്ത അജിത്ത് മാര്‍ക്കോസിനെ 80,000 രൂപ ശമ്പളത്തില്‍ അസി സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തിലുള്ള ഒഴിവില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ അഞ്ജു മുന്‍കൈയെടുത്ത് നിയമിക്കുകയായിരുന്നു. പത്മിനി തോമസ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റായിരിക്കുമ്പോഴാണ്‌ യാതൊരു അര്‍ഹതയും ഇല്ലാത്ത സഹോദരനെ തസ്‌തികയില്‍ തിരുകി കയറ്റാന്‍ ആദ്യനീക്കമുണ്ടായത്‌. യോഗ്യനല്ലെന്നു കണ്ടതോടെ അപേക്ഷ നിരസിക്കാന്‍ പത്മിനി തോമസ്‌ തീരുമാനിച്ചു.
പിന്നീട് പത്‌മിനിയെ നിക്കി യുഡിഎഫ് സര്‍ക്കാര്‍ നീക്കി അഞ്ജുവിനെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാക്കിയപ്പോള്‍ സഹോദരനെ അസി. സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തില്‍ നിയമിക്കുകയായിരുന്നു.

ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദാനന്തര ബിരുദം, പരിശീലകനുള്ള എന്‍ഐഎസ് ഡിപ്ളോമ, മുന്‍ രാജ്യാന്തര കോച്ചിങ് താരം അല്ലെങ്കില്‍ ഈ രംഗത്തുള്ള
അനുഭവ സമ്പത്ത്, രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരിക്കണം തുടങ്ങിയവയാണ് അസി സെക്രട്ടറി (ടെക്നിക്കല്‍)ക്കുള്ള അടിസ്ഥാന യോഗ്യത. എന്നാല്‍ അജിത്ത് മാര്‍ക്കോസ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നല്‍കിയിരിക്കുന്ന ബയോഡാറ്റയില്‍ കോയമ്പത്തൂര്‍ മഹാരാജ എന്‍ജീനിയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനിലാണ് (എംസിഎ) യോഗ്യത. സ്പോര്‍ട്സ് രംഗത്തെ ഒരു അനുഭവപരിചയവും ചൂണ്ടിക്കാണിച്ചിട്ടുമില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :