ആനവേട്ടക്കേസിലെ മുഖ്യപ്രതിയുടെ മൊഴി വ്യാജമാണെന്ന് വിജിലന്‍സ്

കൊച്ചി| VISHNU N L| Last Modified ഞായര്‍, 26 ജൂലൈ 2015 (09:54 IST)
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആനവേട്ടക്കേസിലെ മുഖ്യ പ്രതിയുടെ മൊഴി വ്യാജമായി തയ്യാറാക്കിയതാണെന്ന് വിജിലന്‍സ് കണ്ടെത്തി.
പ്രതി കെ ഡി കുഞ്ഞുമോന്റെ മൊഴിയായി തയാറാക്കിയിരിക്കുന്നതാണ് വ്യാജമെന്നാണ് വിജിലന്‍സ് പറയുന്നത്. കുഞ്ഞുമോന്‍ 25 ആനകളെ കൊന്നു എന്നാണ് മൊഴിയില്‍ പറയുന്നത്. എന്നാല്‍ന്‍ ഇത് സെക്ഷന്‍ ഓഫീസര്‍ എന്‍ ശിവകുമാറിനെ കുടുക്കാന്‍ ചിലര്‍ മനപ്പൂര്‍വം നടത്തിയ നീക്കമാണെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.

കുഞ്ഞുമോന്റെ മൊഴിയെടുത്തത് ശിവകുമാറാണ് എന്നാണ് രേഖ. എന്നാല്‍ താന്‍ ഇങ്ങനെയൊരു മൊഴിയെടുത്തിട്ടില്ലെന്ന് വനംവകുപ്പിന്റെ വിജിലന്‍സിനു മുന്നില്‍ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ കൈയക്ഷരം പരിശോധിച്ചതില്‍ നിന്നും അത് ശിവകുമാറിന്റേതല്ല എന്നും വ്യക്തമായി. മൊഴിയെടുത്താല്‍ അതിനു താഴെ അന്വേഷണ ഉദ്യോഗസ്ഥന്‍ പേരും പദവിയുമെഴുതി ഒപ്പിടണമെന്നാണ് ചട്ടം. എന്നാല്‍ ഈ മൊഴിയില്‍ പേരുമാത്രമേയുള്ളൂ. മൊഴിയില്‍ രേഖപ്പെടുത്തിയ കെ.ഡി. കുഞ്ഞുമോന്റെ ഒപ്പും വിരലടയാളവും വ്യാജമാണെന്നും കണ്ടെത്തി.

ഇതോടെ കേസ് കൂടുതല്‍ ദുരൂഹമാകുകയാണ്. ആനകള്‍ വേട്ടയാടപ്പെട്ട സംഭവത്തില്‍ വനം വകുപ്പിലെ പലര്‍ക്കും കയ്യുണ്ടെന്ന സശയങ്ങള്‍ ബലപ്പെടുന്നതിനിടെ വിജിലന്‍സിന്റെ കണ്ടെത്തല്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമാകും. കാട്ടില്‍ കൊല്ലപ്പെട്ട ആനകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നതിനെതിരെ കേസിന്റെ തുടക്കം മുതലേ നീക്കം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഈ വ്യാജരേഖക്കു പിന്നിലും വനം വകുപ്പിലെ ചിലരാണെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :