മലപ്പുറം|
aKJ IYER|
Last Modified തിങ്കള്‍, 20 മാര്‍ച്ച് 2017 (12:51 IST)
മുസ്ലീം ലീഗ് നേതാവായിരുന്ന ഇ.അഹമ്മദിന്‍റെ വിയോഗത്തോടെ ഒഴിവു വന്ന മലപ്പുറം പാര്‍ലമെന്‍റ് സീറ്റ് പിടിക്കാന്‍ മൂവര്‍ സംഘം തയ്യാറായിക്കഴിഞ്ഞു. പാര്‍ട്ടിയുടെ സീറ്റ് നിലനിര്‍ത്താനായി മുസ്ലീം ലീഗ് നേതാവായ സാക്ഷാല്‍ കുഞ്ഞാലിക്കുട്ടി നില്‍ക്കുമ്പോള്‍ ഏതു തരത്തിലും ഈ സീറ്റ് തട്ടിയെടുക്കണംഎന്ന ലക്ഷ്യവുമായി
സി.പി.എം സ്ഥാനാര്‍ത്ഥി എം.ബി ഫൈസലിനൊപ്പം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുമ്പ് മത്സരിച്ച എന്‍.ശ്രീപ്രകാശും മത്സരിക്കുന്നുണ്ട്.
യു.ഡി.എഫിന്‍റെ തന്നെ മുന്‍ നിര നേതാവായ പരിചയസമ്പന്നനായ കുഞ്ഞാലിക്കുട്ടിക്കെതിരെ മികച്ചൊരു സ്ഥാനാര്‍ത്ഥിയെ സി.പി.എം കണ്ടെത്തിയില്ല എന്ന ആരോപണം ഇടതുമുന്നണിയില്‍ ഒട്ടാകെയുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ മുതിര്‍ന്ന നേതാവായ ടി.കെ.ഹംസ പരിഗണിക്കപ്പെട്ടെങ്കിലും പിന്നീട് അവഗണിക്കപ്പെടുകയായിരുന്നു. കാന്തപുരം വിഭാഗം ഹംസയെ പരിഗണിക്കില്ലെന്ന കാര്യവും ഹംസയ്ക്ക് വിനയായി.
കഴിഞ്ഞ തവണ സാമാന്യം മികച്ച പ്രകടനം കാഴ്ചവച്ചയാളാണ് ശ്രീപ്രകാശ് എന്നത് തന്നെ വീണ്ടും ഇദ്ദേഹത്തെ നിര്‍ത്താന്‍ ബി.ജെ.പിക്ക് സ്വീകാര്യമായത്. അതേ സമയം ഇടതുപക്ഷത്തിനു ഭൂരിപക്ഷമുള്ള ചങ്ങരംകുളം പ്രദേശത്തു നിന്നുള്ളയാളാണ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫൈസല്‍ എന്ന കാര്യം സി.പി.എമ്മും ഉയര്‍ഹത്തിക്കാട്ടുന്നു. അതേ സമയം സ്വതേ ലീഗിനു പ്രാധാന്യമുള്ള മണ്ഡലത്തില്‍ പിണങ്ങി നിന്ന മാണിഗ്രൂപ്പിന്‍റെ സഹായവും ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി നേടിയിട്ടുണ്ടെന്നത് യു.ഡി.എഫിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അഹമ്മദ് സാഹിബിനു കാര്യമായ എതിരാളികള്‍ ഒന്നുമില്ലാതിരുന്ന ഈ മണ്ഡലത്തില്‍ കഴിഞ്ഞ തവണ 1.94 ലക്ഷത്തിന്‍റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചുകയറിയത്. തൊട്ടടുത്ത എതിരാളി എന്ന് അവകാശപ്പെട്ട സി.പി.എമ്മിന്‍റെ സൈനബയ്ക്ക് 2.42 ലക്ഷം വോട്ട് ലഭിച്ചപ്പോള്‍ അഹമ്മദ് നേടിയത് 4.37 ലക്ഷം വോട്ടുകളാണ്. അതേ സമയം 2011 ലെ തെരഞ്ഞെടുപ്പില്‍ അഹമ്മദിനെതിരെ മത്സരിച്ച സി.പി.എമ്മിന്‍റെ ടി.കെ.ഹംസ 3.12 ലക്ഷം വോട്ടുകള്‍ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വള്ളിക്കുന്ന്, വേങ്ങര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിലവില്‍ 12,92,754 വോട്ടര്‍മാരുള്ളതില്‍ 6,47,195 പേര്‍ സ്ത്രീകളും 6,45,559 പേര്‍ പുരുഷന്മാരുമാണ്.