മൂവാറ്റുപുഴ|
JOYS JOY|
Last Modified വെള്ളി, 1 ഏപ്രില്‍ 2016 (09:35 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെങ്കിലും ആറു മാസത്തിനകം നിയമസഭാംഗം ആക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞെന്ന് ജോണി നെല്ലൂര്‍. മൂവാറ്റുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. എന്നാല്‍, നടന്നത് ക്രൂരമായ വഞ്ചനയാണെന്നും ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ചതിയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ അങ്കമാലി, പിറവം സീറ്റുകള്‍ നിര്‍ബന്ധമായും കുട്ടനാട് അല്ലെങ്കില്‍ ഉടുമ്പന്‍ ചോല, കൊട്ടാരക്കര അല്ലെങ്കില്‍ പുനലൂര്‍ എന്നീ സീറ്റുകളും ആയിരുന്നു ആവശ്യപ്പെട്ടത്. അങ്കമാലി സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, കഴിഞ്ഞദിവസം വൈകുന്നേരം യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന് അത്യാവശ്യമായി കാണണം വീട്ടിലേക്ക് വരണം എന്നു പറഞ്ഞു.
വളരെ സങ്കടത്തോടെയാണ് പി പി തങ്കച്ചന് കാര്യങ്ങള്‍ പറഞ്ഞത്. യു ഡി എഫിന് വേണ്ടി ഇത്രയും പോരാട്ടം നടത്തിയ ജോണിയോട് ഇത് പറയുന്നതില്‍ ബുദ്ധിമുട്ട് ഉണ്ട്, അങ്കമാലി സീറ്റ് തരാന്‍ കഴിയുകയില്ല, മറ്റൊരു സീറ്റും തരാന്‍ കഴിയില്ല, പിറവം സീറ്റ് തരും. ആറുമാസം കഴിയുമ്പോള്‍ ജോണി നെല്ലൂര്‍ നിയമസഭയില്‍ അംഗമായിരിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞതായും പി പി തങ്കച്ചന് പറഞ്ഞു. ആ പറഞ്ഞത് എങ്ങനെ നടപ്പാകുമെന്ന് ഇന്നലെ രാത്രി മുഴുവന്‍ ചിന്തിച്ചെങ്കിലും തനിക്ക് മനസ്സിലായില്ല.
കൂടെ കൊണ്ടു നടന്ന് വഞ്ചിക്കുകയായിരുന്നു. ക്രൂരമായ വഞ്ചന, ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ചതി, നീതികേടെന്ന വാക്കൊന്നും പോര എന്നും ജോണി നെല്ലൂര്‍ പറഞ്ഞു. യു ഡി എഫ് എന്നോടും എന്റെ പാര്‍ട്ടിയോടും കാണിക്കുന്ന അനീതി എത്രത്തോളം വലുതാണെന്ന് കേരളീയസമൂഹം വിലയിരുത്തട്ടെ. അപമാനിച്ച് ഒരു പാര്‍ട്ടിയെ തകര്‍ക്കാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ തകരില്ല. പല പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടു പോകുന്ന ഒരു പ്രസ്ഥാനമാണ് ഇത്.
അപമാനിതരായി എന്നു കരുതി രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നില്ല. രാഷ്ട്രീയ വനവാസത്തിനും ആലോചനയില്ല. അനീതിക്കും, അഴിമതിക്കുമെതിരെ പൊതുപ്രവര്‍ത്തനരംഗത്ത് തുടരാനാണ് ആഗ്രഹമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.