സര്‍ക്കാരും ചൂടായി; സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം, സൗജന്യ റേഷനും ചികിത്സയും നല്‍കും, കൃഷിനാശം സംഭവിച്ചവർക്കും സഹായം

ജലക്ഷാമം പരിഹരിക്കാന്‍ പതിനാല് ജില്ലകളിലും നടപടി

 സൂര്യതാപമേറ്റവര്‍ക്ക് സഹായം , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , വരള്‍ച്ച , വേനല്‍ , ചൂട്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (11:42 IST)
സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം നൽകുന്നതിന് ഉന്നതതല യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയക്കുമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം ശേഷം റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

ജലക്ഷാമം പരിഹരിക്കാന്‍ പതിനാല് ജില്ലകളിലും നടപടിയെടുക്കും. ജില്ലകളില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കുടിവെള്ളം എത്തിച്ച് കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി 13 കോടി രൂപ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. സൂര്യതാപമേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നാലു ലക്ഷം രൂപ വീതം നൽകുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

സൂര്യതാപമേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സ നൽകും. സൂര്യതാപമേറ്റാണ് മരിച്ചതെന്ന ആരോഗ്യ വകുപ്പിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വേനലിൽ കൃഷിനാശം സംഭവിച്ചവർക്കും സർക്കാർ സഹായം നൽകും. സൗജന്യ റേഷൻ ഏർപ്പെടുത്തും. കന്നുകാലികളുടെ സംരക്ഷണത്തിനായി മരുന്നുകള്‍ വാങ്ങുന്നതിന് ജില്ലാ മൃഗസംരക്ഷണ വകുപ്പിന് രണ്ട് ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.


മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വരള്‍ച്ചാ ദുരിത ബാധിത അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. യോഗത്തില്‍ ആഭ്യന്തരമന്ത്രി, റവന്യു സെക്രട്ടറി, കൃഷിവകുപ്പ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :