കൊച്ചി|
jibin|
Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (18:19 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയത് അച്ഛന്‍ ബാലകൃഷ്ണപിള്ളയാണെന്ന് നടനും എം എല്‍ എയുമായ കെബി ഗണേഷ് കുമാര്‍.
ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ കണ്ടത്.
കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ ഒരാള്‍ കുറ്റക്കാരനാണെന്ന് നമുക്കും പറയാന്‍ പറ്റുകയുള്ളു. കുറ്റം ആരോപിക്കുന്നുവെന്ന് കരുതി അയാള്‍ കുറ്റക്കാരനല്ല. ദിലീപിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ ദിലീപിനു വേണ്ടി മുന്നോട്ട് വരണമെന്നും ഗണേഷ് പറഞ്ഞു.
പൊലീസിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണം. സിനിമാ മേഖലയിലുളളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം. ജയിലിനുളളില്‍ ദിലീപുമായി കൂടിക്കാഴ്ച നടത്തി. ആപത്ത് വരുമ്പോഴാണ് ആ സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. ധനമുളളപ്പോഴും അധികാരമുളളപ്പോഴും സ്‌നേഹിക്കാന്‍ ഒരുപാട് ആള്‍ക്കാര്‍ കാണും. അതുകൊണ്ടാണ് താന്‍ ജയിലില്‍ എത്തിയതെന്നും ഗണേഷ് വ്യക്തമാക്കി.
ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിക്കണമെന്ന് പാര്‍ട്ടിയുടെ ചെയര്‍മാനും തന്റെ അച്ഛനുമായ ബാലകൃഷ്ണപിള്ള നിര്‍ദേശിക്കുകയായിരുന്നു.
സഹപ്രവര്‍ത്തകന്‍ എന്നതിലുപരി നിന്നെ സുഹൃത്തായും സഹോദരനായും കാണുന്ന ഒരാള്‍ ഇത്തരത്തിലൊരു അവസ്ഥയിലുളളപ്പോള്‍ നീ പോയി കാണണമെന്ന് അച്ഛന്‍ നിര്‍ദേശിച്ചു. അത് ശരിയാണെന്ന് എനിക്ക് തോന്നി. അദ്ദേഹം എന്റെ തീരുമാനം ശരിയാണെന്ന് പറഞ്ഞു. അതുകൊണ്ടാണ് താന്‍ വന്നതെന്നും ഗണേഷ് പറഞ്ഞു.