തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 1 ഡിസംബര്‍ 2017 (20:01 IST)
ഓഖി ചുഴലിക്കാറ്റിനെ തുടർന്നു പ്രക്ഷുബ്ദമായ കടലിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കേരള തീരത്തിനടത്ത് ആറ് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിച്ചേക്കും.
തീരത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെ വരെ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍വരെ തിരയുയരും. ലക്ഷദ്വീപ്, തെക്കൻ തമിഴ്നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങിയെങ്കിലും വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് അടുത്ത 24 മണിക്കൂറിൽ ശക്തമായ തിരയടിക്കും. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് മണിക്കൂറിൽ 145 കിലോ മീറ്റർ വേഗതയിൽ ലക്ഷദ്വീപിലേക്ക് നീങ്ങുകയാണ്. ഓഖി ഇന്ന് രാത്രിയോടെ അംനി ദ്വീപിലേക്ക് എത്തും. ഇതോടെ കാറ്റ് ദ്വീപിൽ കനത്ത നാശം വിതയ്ക്കും.
അതേസമയം, കടലില്‍ കുടുങ്ങിയ 223 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. വ്യോമ- നാവിക സേനയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തം തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും ഹെലികോപ്ടറുകളും ഇവരുമായി ഏകോപിച്ച് പ്രവര്‍ത്തനം നടത്തുകയാണ്. കൂടാതെ നാവികസേനയുടെ രണ്ട് ഹെലികോപ്ടറുകളും രണ്ട് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ജാപ്പനീസ് ചരക്ക് കപ്പലിന്റെ സഹായത്തോടെയാണ് 60 ഓളം പേരെ രക്ഷപ്പെടുത്തിയത്.