സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 13 നവംബര്‍ 2024 (17:06 IST)
ഇന്ന് പലരും എളുപ്പത്തിനും ചിലവ് ചുരുക്കുന്നതിനുമായി വാട്‌സപ്പ് മുതലായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വിവാഹം ക്ഷണിക്കാറുണ്ട്. ഇതിനായി പ്രത്യേകം ക്ഷണക്കത്തും തയ്യാറാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് തട്ടിപ്പ് സംഘങ്ങള്‍. വിവാഹ സീസണുകള്‍ ലക്ഷ്യമിട്ടാണ്തട്ടിപ്പ് നടത്തുന്നത്. ഇതിനായി വാട്‌സ്ആപ്പ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഹാക്കര്‍മാര്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത എപികെ ഫയലുകളായി ക്ഷണക്കത്ത് നിങ്ങളുടെ വാട്‌സാപ്പിലേക്ക അയക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഈ ഫയല്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ അതിലെ ലിങ്ക് ആക്ടീവ് ആകുന്നു. അങ്ങനെ അവര്‍ അയക്കുന്ന മാല്‍വെയര്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആവുകയും ചെയ്യുന്നു.
തുടര്‍ന്ന് നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും തട്ടിപ്പുകാരുടെ കൈയില്‍ ലഭിക്കുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ ഫോണില്‍ നിന്നും കോള്‍ ചെയ്യാനും മെസേജുകള്‍ അയക്കാനും എല്ലാം അവര്‍ക്ക് സാധിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളുടെ ഫോണിന്റെ മൊത്തം കണ്‍ട്രോള്‍ തന്നെ ഹാക്കര്‍മാരുടെ കയ്യില്‍ ആകുന്നു. ഇത്തരത്തിലുള്ള വിവാഹക്ഷണക്കത്ത് തട്ടിപ്പുകളില്‍ പെടാതിരിക്കണമെന്ന് പോലീസിന്റെ നിര്‍ദ്ദേശമുണ്ട്. സാമ്പത്തിക തട്ടിപ്പ് തന്നെയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.