'ഞാന്‍ മുംബൈ പൊലീസ് ഓഫീസര്‍'; യൂണിഫോമില്‍ തട്ടിപ്പിനായി വിളിച്ച യുവാവ് ഫോണ്‍ എടുത്ത ആളെ കണ്ട് ഞെട്ടി (വീഡിയോ)

ഓട്ടോമാറ്റഡ് കോള്‍ സംവിധാനത്തിലൂടെയാണ് തട്ടിപ്പുകാര്‍ ആദ്യം വിളിക്കുക

Cyber Crime
രേണുക വേണു| Last Modified ചൊവ്വ, 12 നവം‌ബര്‍ 2024 (11:19 IST)
Cyber Crime

മുംബൈ പൊലീസ് ഓഫീസര്‍ എന്ന വ്യാജേന വീഡിയോ കോളിലൂടെ പണം തട്ടുന്ന യുവാവിനെ പൊളിച്ചടുക്കി തൃശൂര്‍ സിറ്റി പൊലീസ്. പൊലീസ് യൂണിഫോമില്‍ വീഡിയോ കോള്‍ ചെയ്ത തട്ടിപ്പുകാരന്‍ മറുവശത്തുള്ള ആളെ കണ്ട് ഞെട്ടി. തൃശൂര്‍ സൈബര്‍ സെല്‍ എസ്.ഐ ഫീസ്റ്റോ ടി.ഡിയാണ് വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തത്. ഒറിജിനല്‍ പൊലീസിനെ കണ്ടതും 'വ്യാജന്‍' പരുങ്ങലിലായി. ഇതിന്റെ വീഡിയോ തൃശൂര്‍ സിറ്റി പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഓട്ടോമാറ്റഡ് കോള്‍ സംവിധാനത്തിലൂടെയാണ് തട്ടിപ്പുകാര്‍ ആദ്യം വിളിക്കുക. നിങ്ങള്‍ക്കെതിരെ ഒരു സൈബര്‍ പരാതിയുണ്ടെന്നും അതിന്റെ ഭാഗമായാണ് വിളിക്കുന്നതെന്നും പറയും. പിന്നീട് ഉയര്‍ന്ന ഉദ്യോഗസ്ഥനുമായി സൂമില്‍ വീഡിയോ കോള്‍ കണക്ട് ചെയ്യാമെന്ന് ആവശ്യപ്പെടും. സൂമിലോ സ്‌കൈപ്പിലോ വീഡിയോ കോള്‍ ചെയ്ത് ആളുകളെ വെര്‍ച്വല്‍ അറസ്റ്റിനു വിധേയമാക്കും. ബാങ്ക് വിവരങ്ങള്‍ നല്‍കണമെന്നും പരിശോധിക്കാനാണെന്നും ഇവര്‍ പറയും. ഇങ്ങനെയാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്ന് തൃശൂര്‍ സൈബര്‍ പൊലീസ് പറയുന്നു.

ഇരകളാകുന്ന ആളുകള്‍ ഭയന്ന് ബാങ്ക് വിവരങ്ങള്‍ കൈമാറുന്നു. പിന്നീടാണ് വഞ്ചിക്കപ്പെട്ടു എന്ന് മനസിലാക്കുക. ഒരു കാരണവശാലും ബാങ്ക് വിവരങ്ങള്‍ കൈമാറരുതെന്നും ഇത്തരം കോളുകള്‍ അവഗണിക്കണമെന്നും സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :