കൊല്ലം|
JOYS JOY|
Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (10:20 IST)
സി പി എമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ലേഖനത്തിനുള്ള മറുപടിയാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം.
സംസ്ഥാനത്തെ, ഇടത്
- വലത് മുന്നണികള്‍ക്ക് തരാന്‍ കഴിയാത്തത് ആര് തന്നാലും വാങ്ങുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. അരമനകളും പള്ളികളും മര്‍ക്കസുകളും കയറി നിരങ്ങുന്ന വിപ്ലവ പാര്‍ട്ടി നേതാക്കള്‍ക്ക് ഹിന്ദു മതത്തോട് അയിത്തമാണെന്നും ലേഖനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി ആരോപിക്കുന്നു.
എസ് എന്‍ ഡി പി യോഗത്തെ ബി ജെ പിയുടെ തൊഴുത്തില്‍ കെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. ഇടത് തൊഴുത്തില്‍ ഇത്രയും കാലം പട്ടിണി കിടന്ന ഈഴവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് നേതാക്കള്‍ ചിന്തിക്കണമെന്നും തുഷാര്‍ ആവശ്യപ്പെടുന്നു.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചതിനെ ചൊല്ലി വിപ്ലവ പാര്‍ട്ടി നേതാക്കള്‍ ലേഖന പരമ്പരയിലൂടെ ആക്ഷേപശരങ്ങള്‍ ഉയര്‍ത്തുകയാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പ്രധാനമായും സി പി എമ്മിനെ വിമര്‍ശിക്കുന്നതാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം.
ഇടത് പ്രസ്ഥാനങ്ങളുടെ കളിത്തൊട്ടിലായ കേരളത്തില്‍ ഇന്നും എത്രയോ ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് വിലക്കുണ്ട്. ഈഴവ സമുദായത്തിന്റെ ഉയര്‍ച്ചയെ ഭയക്കുന്ന സി പി എം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതിന്റെ വിഭ്രാന്തിയിലാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.