രേണുക വേണു|
Last Modified ഞായര്‍, 17 നവംബര്‍ 2024 (09:24 IST)
ബിജെപി വിട്ട സന്ദീപ് വാരിയര്‍ കോണ്‍ഗ്രസിനെ സമീപിക്കും മുന്‍പ് സിപിഎം പാലക്കാട് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് സന്ദീപ്. അതിനുശേഷമാണ് ബിജെപിയിലേക്ക് എത്തിയത്. ബിജെപി നേതൃത്വവുമായി അഭിപ്രായ ഭിന്നത തുടങ്ങിയ സമയത്ത് തന്നെ സിപിഎമ്മില്‍ ചേരാന്‍ സന്ദീപ് ആഗ്രഹിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ സിപിഎം നേതൃത്വവുമായി സന്ദീപ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ പരാജയമായിരുന്നു.
ബിജെപിയില്‍ ആയിരിക്കെ സന്ദീപ് സ്വീകരിച്ച തീവ്ര വലതുപക്ഷ നിലപാടുകളില്‍ മാപ്പ് പറയാതെ ഇടതുപക്ഷത്തേക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. സന്ദീപ് മുന്‍പ് നടത്തിയ പല പ്രസ്താവനകളും അങ്ങേയറ്റം ന്യൂനപക്ഷ വിരുദ്ധവും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതും ആയിരുന്നെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തി. ഇത്തരം പ്രസ്താവനകളില്‍ പൂര്‍ണമായി ക്ഷമാപണം നടത്താതെ സന്ദീപിനെ ഉള്‍ക്കൊള്ളുന്നത് ഇടതുപക്ഷത്തിനു ബാധ്യതയാകുമെന്നും സിപിഎം സംസ്ഥാന നേതൃത്വവും നിലപാടെടുത്തു.
മുസ്ലിങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ നേതാവാണ് സന്ദീപ് വാരിയര്‍. മുന്‍പ് നടത്തിയ പ്രസ്താവനകളിലൊന്നും സന്ദീപ് ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. കേവലം അധികാരം ലക്ഷ്യമിട്ട് മാത്രമാണ് സന്ദീപ് ബിജെപി വിടാന്‍ തീരുമാനിച്ചത്. ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ പരസ്യമായി തള്ളിപ്പറയാനും സന്ദീപ് തയ്യാറായിട്ടില്ല. ഇക്കാരണങ്ങളാല്‍ സന്ദീപിനെ ഇടതുപക്ഷത്തേക്ക് സ്വീകരിക്കാന്‍ ധാര്‍മികമായ ബുദ്ധിമുട്ടുണ്ടെന്ന് സിപിഎം നേതൃത്വം തീരുമാനമെടുത്തു. അതിനുശേഷമാണ് സന്ദീപ് കോണ്‍ഗ്രസിനെ സമീപിച്ചത്. മുസ്ലിം ലീഗിന്റെ അടക്കം എതിര്‍പ്പ് മറികടന്നാണ് കോണ്‍ഗ്രസ് സന്ദീപ് വാരിയറെ സ്വീകരിച്ചത്. മുസ്ലിം വിരുദ്ധ നിലപാടുകളെടുക്കുന്ന സന്ദീപിനെ യുഡിഎഫിന്റെ ഭാഗമാക്കിയാല്‍ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമാകാന്‍ കാരണമായേക്കുമെന്നാണ് ലീഗ് ആരോപിക്കുന്നത്.