ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും; സന്ദീപ് വാരിയര്‍ വന്നതിനു പിന്നാലെ യുഡിഎഫില്‍ ഭിന്നത

തിരഞ്ഞെടുപ്പ് കഴിഞ്ഞ് സന്ദീപിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതായിരുന്നു ഉചിതം

Sandeep Varrier
രേണുക വേണു| Last Modified ഞായര്‍, 17 നവം‌ബര്‍ 2024 (09:20 IST)
Sandeep Varrier

കടുത്ത ബിജെപി അനുയായിയും തീവ്ര വലതുപക്ഷ നേതാവുമായിരുന്ന സന്ദീപ് വാരിയറുടെ വരവിനെ തുടര്‍ന്ന് യുഡിഎഫില്‍ കടുത്ത ഭിന്നത. സന്ദീപിനെ കോണ്‍ഗ്രസില്‍ എടുത്തത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് മുന്നണിയിലെ ഒരു വിഭാഗം കരുതുന്നത്. ഇന്നലെയാണ് ബിജെപി വിട്ട സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ സന്ദീപിന്റെ വരവില്‍ കെപിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

ബിജെപിയില്‍ ആയിരിക്കെ കോണ്‍ഗ്രസിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ആളാണ് സന്ദീപ് വാരിയര്‍. മുസ്ലിങ്ങള്‍ക്കെതിരെ പലപ്പോഴും തരംതാണ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പാലക്കാട് മുന്‍ എംഎല്‍എയും ഇപ്പോള്‍ വടകര എംപിയുമായ ഷാഫി പറമ്പിലിനെ താലിബാന്‍ എംപി എന്നു പോലും സന്ദീപ് വിളിച്ചിട്ടുണ്ട്. ഇങ്ങനെയൊരു തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനെ കോണ്‍ഗ്രസില്‍ എടുക്കുന്നത് ന്യൂനപക്ഷങ്ങളുടെ അതൃപ്തിക്ക് കാരണമാകുമെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍.

പി.സരിന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കു പോയപ്പോള്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തവര്‍ തീവ്ര വലതുപക്ഷ ചിന്താഗതിയുള്ള സന്ദീപ് വാരിയറെ മാലയിട്ട് സ്വീകരിക്കുന്നു എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരും. ഇടതുപക്ഷം പാലക്കാട് ഇത് ആയുധമാക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് സന്ദീപിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതായിരുന്നു ഉചിതം. വോട്ടിനു വേണ്ടി കോണ്‍ഗ്രസ് ന്യൂനപക്ഷ വിരുദ്ധ ചിന്താഗതിയുള്ള ആളുകളോടു ഐക്യപ്പെടുകയാണെന്ന തരത്തിലും വിമര്‍ശനം ഉയര്‍ന്നേക്കാം. സന്ദീപിനെ തിടുക്കത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗമാക്കിയത് പാലക്കാട്ടെ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായേക്കുമെന്നും ലീഗ് ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :