ഇടുക്കി|
സജിത്ത്|
Last Modified വ്യാഴം, 7 ഡിസംബര്‍ 2017 (11:27 IST)
മൂന്നാറിലെ പരിസ്ഥിതി പ്രശ്നത്തില്‍ നിയമ യുദ്ധത്തിന് ഒരുങ്ങി സിപിഐ. മൂന്നാറിലെ എല്ലാ അനധികൃത നിർമ്മാണങ്ങളും പൊളിക്കണമെന്നാവശ്യമുന്നയിച്ച് സിപിഐ ചെന്നൈ ഹരിത ട്രൈബ്യൂണലിൽ ഹർജി നൽകി.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ പി.പ്രസാദാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളെയും റവന്യൂ, വനം വകുപ്പുകളേയും എതിർകക്ഷിയാക്കി ഹർജി നൽകിയത്.
വനം, പരിസ്ഥിതി നിയമങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ ഉത്തരവിടണമെന്നും പരിസ്ഥിതി ദുര്‍ബല മേഖല അതുപോലെ നിലനിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. സിപിഐ സംസ്ഥാനനേതൃത്വം അറിഞ്ഞാണ് ഇടുക്കി ജില്ലയുടെ ചുമതല
വഹിക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ പ്രസാദ് പരാതി നല്‍കിയതെന്നാണ് വിവരം.
ഇടുക്കിയുടെ വിവിധഭാഗങ്ങളിലും മൂന്നാറിലുമെല്ലാം വ്യാപകമായ കയ്യേറ്റം നടക്കുന്നുണ്ടെന്നും കയ്യേറ്റക്കാര്‍ക്ക് രാഷ്ട്രീയസ്വാധീനമുള്ളതിനാല്‍ ഒഴിപ്പിക്കല്‍ തടസമാകുന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും സ്ഥലംമാറ്റുകയും ചെയ്യുന്നു. വനംവകുപ്പിന് വനമേഖലയില്‍ നിയന്ത്രണമില്ല. രേഖകളിലും ക്രമക്കേടുകളുണ്ടെന്നും പരാതിയില്‍ പറയുന്നു.