തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 31 ജൂലൈ 2016 (14:54 IST)
വിവാദപ്രസംഗം നടത്തിയതിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന നിയമോപദേശം തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഡിജിപിക്കു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കോടിയേരിക്കെതിരെ കേസെടുക്കില്ലെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ വന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ കേസിന് സമാനമായ സുപ്രീംകോടതി വിധികള്‍ ഡിജിപി പരിശോധിച്ചിരുന്നെന്നും ഐജിയുടെയും അഭിഭാഷകരുടെയും നിയമോപദേശവും തേടിയിരുന്നുയെന്നും ഇതിനു ശേഷമാണ് കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിശദീകരണവുമായി ഡിജിപി നേരിട്ടു രംഗത്തെത്തിയത്.
ആക്രമിക്കാൻ വരുന്നവരോടു കണക്കുതീർക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളാണ് വിവാദമായത്. ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട പയ്യന്നൂരിൽ സിപിഎം നടത്തിയ ബഹുജന കൂട്ടായ്മയിൽ സംസാരിക്കുന്നതിനിടയിലാണ് കോടിയേരി ഈ വിവാദപരാമർശം നടത്തിയത്.
അതേസമയം അക്രമം പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ആവശ്യപ്പെട്ടിരുന്നു. കൂടാതെ കോടിയേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കളും ഡിജിപിക്കു നേരിട്ടു പരാതി നൽകിയിരുന്നു.