പരാതിക്കാരന് ബി.എസ്.എൻ.എൽ 25000 രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2023 (18:42 IST)
മലപ്പുറം: പരാതിക്കാരന് 25000 രൂപാ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്‌തൃ കമ്മീഷന്റെ വിധി. മലപ്പുറം ജില്ലയിലെ മൂർക്കനാട് എസ്.എസ്.എച്ച്.എസ്.എസിലെ അധ്യാപകനായ എൻ.കെ.അബ്ദുൽ അസീസും ബി.എസ്.എൻ.എല്ലും തമ്മിലുള്ള തർക്കത്തിലാണ് വിധി ഉണ്ടായത്.

2019 മെയ് മാസത്തിൽ തന്റെ പോസ്റ്റ് പെയ്ഡ് മൊബൈൽ നമ്പറിൽ ഇന്റർനാഷണൽ റോമിംഗ് സൗകര്യം ലഭിക്കാനായി അബ്ദുൽ അസീസ് 5000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് അടച്ചിരുന്നു. തുടർന്ന് ഉംറ നിർവഹിക്കാനായി സൗദിയിലേക്ക് പോയി. അവിടെ നിന്ന് വീട്ടിലേക്ക് വിളിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അന്വേഷിച്ചപ്പോൾ ഇപ്പോൾ തന്നെ 83000 രൂപാ ബിൽ ആയിട്ടുണ്ടെന്നും അതിനാൽ ഡിസ്കണക്ഷൻ ആയിട്ടുണ്ടെന്നുമായിരുന്നു അറിഞ്ഞത്.

നാട്ടിലെത്തി വിവരം അന്വേഷിച്ചപ്പോൾ 130650 രൂപയുടെ ബില്ലാണ് ലഭിച്ചത്. എന്നാൽ ഒരു കോൾ പോലും ചെയ്യാതെയും ഇന്റർനെറ്റ് സൗകര്യം ഉപയോഗിക്കാതെയുമാണ് സെക്യൂരിറ്റി തുക അടക്കം ഇത്രയധിക രൂപയായത് എന്നായിരുന്നു പരാതി. തുടർന്നാണ് ജില്ലാ ഉപഭോക്‌തൃ കമ്മീഷനെ സമീപിച്ചത്. ബിൽ തുകയായ 130650 രൂപാ നൽകേണ്ടെന്നും പരാതിക്കാരന് 20000 രൂപാ നഷ്ടപരിഹാരവും 5000 രൂപാ കോടതി ചെലവിനും നൽകാനാണ് വിധിയായത്. തുക ഒരു മാസത്തിനകം നൽകണമെന്നും താമസം വരുന്ന പക്ഷം 9 ശതമാനം പലിശയും നൽകാനാണ് വിധി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :