ബാലവേല: ആറു കുട്ടികളെ രക്ഷിച്ചു

തിരുവനന്തപുരം| Last Modified ചൊവ്വ, 8 ജൂലൈ 2014 (16:51 IST)
ബാലവേലയ്ക്കായി കൊണ്ടുവന്ന ആറു കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സമയോചിതമായ നടപടി കാരണം രക്ഷപ്പെടുത്താനായി. തലസ്ഥാന നഗരിയിലെ കൊഞ്ചിറവിളയിലെ മിഠായി കമ്പനിയില്‍ ജോലി ചെയ്യാനായി തിരു‍നെല്‍വേലിയില്‍ നിന്നാണ്‌ ഇവരെ ഇവിടെ കൊണ്ടുവന്നത്.

മിഠായി കമ്പനിയില്‍ നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ ഇത് കണ്ടെത്തിയത്. വിക്ടര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണിവര്‍ ജോലി ചെയ്തിരുന്നത്. പതിനഞ്ചു വയസിനു താഴെയുള്ളവരാണ്‌ ഇവരെല്ലാവരും തന്നെ എന്ന് കണ്ടെത്തി.

മാതാപിതാക്കളുടെ അറിവോടെ മിഠായി കമ്പനിയില്‍ ജോലി ചെയ്യാനാണ്‌ വരുന്നത് എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്‌ ഇവര്‍ എത്തിയതെന്ന് കുട്ടികള്‍ സമ്മതിച്ചു. ഒരു മാസമായി ഇവര്‍ ഇവിടെ ജോലി ചെയ്തുവരികയാണ്‌.

ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. കുട്ടികളുടെ രക്ഷകര്‍ത്താക്കളെ വിവരം അറിയിച്ച ശേഷം അവര്‍ക്കൊപ്പം വിടാനാണു തീരുമാനം എന്നറിയുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :