പൂജാരിയെ ആക്രമിച്ച ക്വട്ടേഷന്‍ തലവന്‍ പിടിയില്‍

കോഴിക്കോട്| Last Modified ചൊവ്വ, 8 ജൂലൈ 2014 (16:45 IST)
പൂജാരിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ തലവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിന്‍റെ തലവനും കരാട്ടേ സെന്‍റര്‍ നടത്തിപ്പുകാരനുമായ മാത്തറ പഴയേരി നിസാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരിയില്‍ നല്ലളം നാസ്യംപറമ്പത്ത് ഷിനു എന്ന കണ്ണനെ ഉള്ളേരി അമ്പലത്തില്‍ നിന്ന് പൂജാകര്‍മ്മം കഴിഞ്ഞ് ബൈക്കില്‍ വരുമ്പോള്‍ കുന്നത്ത് പാലത്ത് വച്ച് ഇയാളെ തടഞ്ഞു നിര്‍ത്തിയശേഷം പിടിച്ചുകൊണ്ടുപോയി കരാട്ടേ ഷെഡിലിട്ട് നിസാറും കൂട്ടരും മര്‍ദ്ദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റു പ്രതികളായ മുഹമ്മദ് സാദിഖ്, അര്‍ഷാദ്, നസീറുദ്ദീന്‍, റാഷിദ് എന്നിവരെ നേരത്തേ തന്നെ പൊലീസ് പിടികൂടിയിരുന്നു.

ഷിനു കരാട്ടെ സെന്‍റര്‍ തീവയ്ക്കാന്‍ ശ്രമിച്ചെന്നും അതിനാലാണ്‌ ഇയാളെ മര്‍ദ്ദിച്ചതെന്നുമായിരുന്നു ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. നിസാറിനും സംഘത്തിനുമെതിരെ കോഴിക്കോട് നഗരം, തേഞ്ഞിപ്പലം, കൊണ്ടോട്ടി എന്നിവിടങ്ങളിലും നിരവധി കേസുകളുണ്ട്. മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയില്‍ വീടുകയറി ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :