തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 13 നവംബര്‍ 2015 (11:52 IST)
മന്ത്രിസ്ഥാനം രാജി വച്ച് തിരുവനന്തപുരത്ത് നിന്ന് പാലായിലേക്ക് മടങ്ങുന്ന കെഎം മാണിയെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്കില്‍. ആരോപണം നേരിടുന്ന എക്‍സൈസ് മന്ത്രി കെ ബാബുവിനെയും ഇടത് സഹയാത്രികന്‍ പരിഹസിക്കുന്നുണ്ട്. ഇന്ന് പാലായിലേക്ക് വിലാപയാത്ര; റീത്ത് കച്ചവടക്കാർ ഹാപ്പിയാണ് - എന്നാണ് മാണിയുടെ മടക്കയാത്രയെ ചെറിയാൻ ഫിലിപ്പ് ഉപമിച്ചത്.
അതേസമയം, ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ നടന്ന രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് ഇന്നു വൈകിട്ട് പാലായില്‍വെച്ചു പറയാമെന്ന്
മാണി രാവിലെ പറഞ്ഞു. മടങ്ങി വരണമെന്നും വലിയ താല്‍പ്പര്യമൊന്നുമില്ലെങ്കിലും എല്ലാ സംശയങ്ങളും ദുരീകരിച്ചു കൂടുതല്‍ ശക്തനായി തിരിച്ചുവരും. അല്‍പസമയത്തേക്ക് ദുര്‍ബലനാക്കിയാലും ദൈവം വീണ്ടും കൂടുതല്‍ ശക്തനാക്കുമെന്നും മാണി പറഞ്ഞു.
ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു മാണിയുടെ പ്രതികരണം. ദൈവം കൂടെയുള്ളപ്പോള്‍ പിന്നെ ഒന്നും ഭയപ്പെടാനില്ല. അതിനാല്‍ തന്നെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പാണ്. വരാതിരിക്കാനുള്ള കാരണങ്ങാളൊന്നുമില്ല. തനിക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദിയുണ്ട്.
ആരോടും പകയില്ലാതെയാണ് തന്റെ ജീവിതം. ഭരണനേട്ടങ്ങളിലാണ് തന്റെ ആശ്വാസം. ഇക്കാലത്തിനിടയില്‍ പാവങ്ങള്‍ക്കു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തിപ്രകടനമായാണ് ഈ യാത്രയെ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് പാലായിലെത്തുന്നതു വരെ വിവിധ കേന്ദ്രങ്ങളില്‍ അനുയായികള്‍ മാണിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് പാലായില്‍ പൊതുയോഗവും സംഘടിപ്പിക്കന്നുണ്ട്. 11 സ്ഥലങ്ങളിലാണ് സ്വീകരണ യോഗങ്ങള്‍ നടക്കുക.