കാസര്‍കോട്|
BIJU|
Last Updated:
തിങ്കള്‍, 26 മാര്‍ച്ച് 2018 (15:34 IST)
കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം. ഭരണസമിതി അഴിമതി നടത്തുന്നുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. കഴിഞ്ഞ ആറുദിവസമായി നിരാഹാര സമരം നടന്നുവരികയാണ്. അമ്പതോളം വിദ്യാര്‍ത്ഥികളാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
നിരാഹാര സമരം തുടരുമ്പോള്‍ കേരള കേന്ദ്ര സര്‍വകലാശാലയിലെ ഭരണസമിതിയുടെ പല തരത്തിലുള്ള അഴിമതികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇതില്‍ ഒടുവിലത്തേത് നിയമവിരുദ്ധമായി കരാര്‍ ജീവനക്കാരെ നിയമിച്ചതാണെന്നും രാഷ്ട്രീയ അനുഭാവത്തിന്റെ പേരില്‍ സ്ഥിരനിയമനം നടത്തേണ്ട തസ്തികകളില്‍ പോലും യൂണിവേഴ്സിറ്റി കരാര്‍ ജീവനക്കാരെ തുടരാന്‍ അനുവദിച്ചിരിക്കുകയാണെന്നും അവര്‍ പറയുന്നു.
അനുവദിക്കപ്പെട്ടതില്‍ കൂടുതലുള്ള ജീവനക്കാരെ പിരിച്ചുവിടണമെന്ന് യുജിസി നിര്‍ദേശിച്ചിരിക്കുന്നു. ഇവിടെ നടക്കുന്ന അഴിമതിയെ മറച്ചു വയ്ക്കാന്‍ യു ജി സിയുടെ നിര്‍ദേശം പാലിക്കുന്നു എന്ന വ്യാജേന പാചകക്കാരെയും മറ്റ് അവശ്യ തൊഴിലാളികളെയും പിരിച്ചുവിടുക എന്ന നയമാണ് യൂണിവേഴ്സിറ്റി സ്വീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക്, നിലവിലുള്ള താമസസൌകര്യം കണക്കിലെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കാമെന്ന് യൂണിവേഴ്സിറ്റി ഉറപ്പ് നല്‍കിയിരുന്നു.
മാനവവിഭവശേഷി വകുപ്പും പട്ടികജാതി - പട്ടികവര്‍ഗ്ഗ കമ്മീഷനും ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി ഒരു വര്‍ഷം മുമ്പേ തന്നെ തുക അനുവദിച്ചിരുന്നെങ്കിലും ഹോസ്റ്റല്‍ നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സ്ഥിരതാമസ സൗകര്യം ലഭ്യമാകുന്നത് വരെ താല്‍കാലിക താമസസൗകര്യം ഒരുക്കാന്‍ യൂണിവേഴ്സിറ്റി ബാധ്യസ്ഥരാണ്. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പേ തന്നെ ഗവേഷക വിദ്യാര്‍ത്ഥികളെ പുറത്താക്കിക്കൊണ്ടാണ് യൂണിവേഴ്സിറ്റി ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
നിരാഹാര സമരത്തിന്‍റെ ആറാം ദിവസവും യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണങ്ങള്‍ ലഭിക്കാത്തത് ഒരു ബഹുജന നിരാഹാര സമരം നടത്താന്‍
വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. യൂണിവേഴ്സിറ്റിയിലെ വിവിധ പഠന വിഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ഈ നിരാഹാര സമരത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണെന്നും സ്റ്റുഡന്‍റ്സ് കൌണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.