അരുവിക്കര|
JOYS JOY|
Last Modified വ്യാഴം, 25 ജൂണ്‍ 2015 (12:27 IST)
സംസ്ഥാനം ഭരിക്കുന്നത് അധോലോകസംഘമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. അരുവിക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഒരു അധോലോകസംഘത്തിന്റെ കൈയില്പ്പെട്ടിരിക്കുകയാണ്. ഇവരാണ് കേരളം ഭരിക്കുന്നത് പൊതുജീവിതത്തിലും ഭരണത്തിലും രാഷ്ട്രീയത്തിലും ഇവര്‍ക്ക് ശുദ്ധിയില്ലെന്നും പിണറായി പറഞ്ഞു.
കേരളത്തിനാകെയുള്ള തെരഞ്ഞെടുപ്പായി ആണ്
അരുവിക്കര തെരഞ്ഞെടുപ്പിനെ എല്ലാവരും കാണുന്നത്.
ഈ തെരഞ്ഞെടുപ്പിലൂടെ കേരളത്തിന്റെ അഭിമാനം രക്ഷിക്കാന്‍ കഴിയണം. മന്ത്രിസഭാതലത്തില്‍ കൊടിയ അഴിമതികള്‍ ആണ് നടന്നത്. സോളാര്‍ കുംഭകോണം, ഭൂമി കുംഭകോണം, ബാര്‍ കോഴ മുതലായ കാര്യങ്ങള്‍ ഉയര്‍ന്നു വന്നതിനു ശേഷം കേരളത്തിലെ ജനങ്ങള്‍ക്ക് ഇതിനോട് പ്രതികരിക്കാന്‍ കിട്ടുന്ന അവസരമാണ് ഇതെന്നും പിണറായി വിജയന് പറഞ്ഞു.
പൊതുപ്രവര്‍ത്തകര്‍ പൊതുജീവിതത്തിലെ ശുദ്ധി
നിലനിര്‍ത്തണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. മന്ത്രിമാര്‍ കൂട്ടത്തോടെ അഴിമതി നടത്തുന്നതിന്റെ തെളിവുകള്‍ മലവെള്ളപ്പാച്ചില്‍ പോലെയാണ് വന്നു കൊണ്ടിരിക്കുന്നത്. ഭരണം പ്രധാനമായും ഇപ്പോള്‍ ഉപയോഗിക്കുന്നത് രണ്ടു കാര്യത്തിനു വേണ്ടിയാണ്. ഒന്ന് അതിഭീകരമായ രീതിയില്‍ അഴിമതി നടത്താനും രണ്ട്, നടത്തിയ അഴിമതി തെളിവില്ലാത്തതാക്കി തേച്ചുമാച്ചു കളയാനുമാണ്. ഇതിനെല്ലാം എതിരായ ജനവികാരമാണ് പ്രതിഫലിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഒരേ ഒരു മുഖ്യമന്ത്രി മാത്രമേ കോഴ കൊടുത്തു എന്ന ആരോപണം നേരിടുന്നുള്ളൂ. ഒരു ധനമന്ത്രി മാത്രമേ കോഴപ്പണം എണ്ണി വാങ്ങി എന്ന ആരോപണം നേരിടുന്നുള്ളൂ. നിര്‍ഭാഗ്യവശാല്‍ ഇത് രണ്ടും കേരളത്തിലാണ്. ഈ അപമാനം വലിച്ചെറിയുന്നതിനുള്ള അവസരമാണ് അരുവിക്കരയിലെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇത്രയും അധമന്മാരായ മന്ത്രിമാരെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്നും പിണറായി പറഞ്ഞു.