തിരുവനന്തപുരം|
സുനില്‍ പുല്ലേക്കാട്|
Last Updated:
തിങ്കള്‍, 27 മെയ് 2019 (18:20 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ബി ജെ പിയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെ ആ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് ഉറപ്പായി. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് പരാജയപ്പെട്ട കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിസഭയിലേക്കും പരിഗണിക്കുന്നുണ്ട്.
ശ്രീധരന്‍ പിള്ളയെ മാത്രമല്ല, ബി ജെ പി നേതൃത്വത്തിലുള്ള മുഴുവന്‍ പേരെയും മാറ്റി പുതിയ ടീമിനെ ചുമതലയേല്‍പ്പിക്കാനാണ് അമിത് ഷാ തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു. കെ സുരേന്ദ്രനൊപ്പം ഫ്രഷായ ഒരു ടീം ചുമതലയേല്‍ക്കും. തമ്മിലടിയും ഗ്രൂപ്പുകളിയുമാണ് കേരളത്തില്‍ ബി ജെ പി പച്ചതൊടാത്തതിന് പ്രധാന കാരണമെന്ന് കേന്ദ്രനേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പൂര്‍ണമായും കെ സുരേന്ദ്രനോട് സഹകരിക്കുന്ന നേതൃനിരയെ സൃഷ്ടിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത സമീപനം സ്വീകരിച്ച എന്‍ എസ് എസിനെ കൂടെ നിര്‍ത്തുന്നതില്‍ പി എസ് ശ്രീധരന്‍ പിള്ള പരാജയപ്പെട്ടെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. എന്‍ എസ് എസിന്‍റെ സഹായം കോണ്‍ഗ്രസിനാണ് കിട്ടിയത്. അതുകൊണ്ടുതന്നെ ശബരിമലവിഷയം ബി ജെ പിക്ക് ഗുണം ചെയ്തില്ല. മാത്രമല്ല, പത്തനംതിട്ട ഉള്‍പ്പടെയുള്ള മണ്ഡലത്തില്‍ സ്വയം സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രീധരന്‍ പിള്ളയുടെ ശ്രമവും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ജൂണില്‍ ചേരുന്ന ആര്‍എസ്എസ് ബൈഠക്കില്‍ അഴിച്ചുപണി സംബന്ധിച്ച് അന്തിമരൂപം നല്‍കും. സംസ്ഥാന ഭാരവാഹികളെയും ജില്ലാ അധ്യക്ഷന്‍മാരെയും മാറ്റുമെന്നാണ് അറിയുന്നത്.