ഡെറാഡൂണ്‍|
JOYS JOY|
Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (13:37 IST)
കോണ്‍ഗ്രസില്‍ നിന്ന് കൂറു മാറുകയാണെങ്കില്‍ 50 കോടി രൂപയും
രാജ്യസഭ ടിക്കറ്റും നല്കാമെന്ന് ബി ജെ പിയില്‍ നിന്ന് വാഗ്‌ദാനം ലഭിച്ചുവെന്ന് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എം എല്‍ എമാര്‍. രാജേന്ദ്ര ഭണ്ഡാരി, ജീത് റാം എന്നീ കോണ്‍ഗ്രസ് എം എല്‍ എമാരാണ് ബി ജെ പിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കുറു മാറുകയാണെങ്കില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റു നല്കുമെന്നും വാഗ്ദാനത്തില്‍ ഉണ്ടായിരുന്നതായി എം എല്‍ എമാര്‍ വ്യക്തമാക്കി.
ബി ജെ പി നേതാവായ സത്‌പാല്‍ മഹാരാജുമായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരും. എന്നാല്‍, സത്‌പാലുമായുള്ള ബന്ധം വ്യക്തിപരമാണെന്നും രാഷ്‌ട്രീയപരമല്ലെന്നുമാണ് ഇരു നേതാക്കളുടെയും നിലപാട്. അതേസമയം, ഭരണപക്ഷത്തു നിന്ന് എം എല്‍ എമാരെ ബി ജെ പി ചാക്കിട്ടു പിടിക്കുന്നെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ രണ്ട് എം എല്‍ എമാരുടെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്.
ബദ്രിനാഥില്‍ നിന്നുള്ള എം എല്‍ എ ആണ് ഭണ്ഡാരി. കോണ്‍ഗ്രസില്‍ നിന്ന് വിട്ടു വരുന്നതിന് ആദ്യം 2.5 കോടി വാഗ്‌ദാനം ചെയ്ത ബി ജെ പി പിന്നീട് അത് അഞ്ച്, 10 കോടിയാക്കി ഉയര്‍ത്തുകയും അവസാനം 50 കോടിയില്‍ എത്തി നില്‍ക്കുകയുമാണ്. എന്നാല്‍, തങ്ങളെ ആര്‍ക്കും വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് ഭണ്ഡാരി വ്യക്തമാക്കി. ചമോലിയിലെ തരാലിയില്‍ നിന്നുള്ള എം എല്‍ എ ആണ് ജീത് റാം.