ആറന്മുള വീണാ ജോര്‍ജിന് തിരിച്ചടി സമ്മാനിക്കും; നികേഷ് കടന്നു കൂടിയേക്കും

ആറന്മുളയില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്

വീണാ ജോര്‍ജ് , നികേഷ് കുമാര്‍ , സിപിഎം , കോണ്‍ഗ്രസ് , തെരഞ്ഞെടുപ്പ്
തിരുവനന്തപുരം| ജിയാന്‍ ഗോണ്‍‌സാലോസ്| Last Updated: ചൊവ്വ, 26 ഏപ്രില്‍ 2016 (17:24 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ കേരളത്തിനൊപ്പം മാധ്യമലോകവും ഉറ്റുനോക്കുന്ന രണ്ടു വ്യക്തികളാണ് എംവി നികേഷ് കുമാറും വീണാ ജോര്‍ജും. മാധ്യമലോകത്ത് വര്‍ഷങ്ങളോളം തിളങ്ങി നിന്ന ഇരുവരും സിപിഎം ടിക്കറ്റില്‍ മത്സരിക്കുന്നതുമാണ് വാര്‍ത്തയ്‌ക്ക് നിറം പകര്‍ന്നിരിക്കുന്നത്. നികേഷ് അഴീക്കോടും വീണ ആറന്മുളയിലുമാണ് പോരിനിറങ്ങുന്നത്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ജയമുറപ്പിക്കാനാണ് ഇരുവരും രംഗത്തിറങ്ങുന്നത്.

നികേഷ് കുമാറിന്റെ സാധ്യത:-

അഴീക്കോട് ഇത്തവണ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമായി മാറിയത് എംവി നികേഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ടാണ്. ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കുള്ള വ്യത്യസ്തത കൊണ്ട് മാത്രമല്ല നികേഷിന്റെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായുള്ള വരവ് കൗതുകമുണര്‍ത്തുന്നത്. എംവി രാഘവന്റെ മകനാണ് അദ്ദേഹം എന്നതിനാലുമാണ്. മാധ്യമ പ്രവര്‍ത്തനത്തിനോട് പൂര്‍ണ്ണമായും യാത്രപറഞ്ഞ് പടിയിറങ്ങിയ നികേഷിന് ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല.


സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം നികേഷിന് നറുക്ക് വീഴുകയായിരുന്നു. പരമ്പരാഗതമായി ഇടത് മണ്ഡലമാണ് അഴീക്കോടെങ്കിലും ഇത്തവണത്തെ മത്സരം കടുത്തതാകുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ പുഴാതി,പള്ളിക്കുന്ന്, മേഖലകളും ചിറക്കല്‍ , അഴീക്കോട്, നാറാത്ത്, വളപട്ടണം, പാപ്പിനിശ്ശേരി, പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് അഴീക്കോട് മണ്ഡലം. ഇവിടെ സിപിഎമ്മിന് സ്വാധീനമുണ്ടെങ്കിലും പ്രവര്‍ത്തകരെ തഴഞ്ഞ് മാധ്യമപ്രവര്‍ത്തകനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ കടുത്ത എതിര്‍പ്പ് ഇപ്പോഴും തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണമാണ് നികേഷ് മണ്ഡലത്തില്‍ നടത്തുന്നത്. പ്രചാരണത്തിനൊപ്പം കുടുംബയോഗങ്ങളും കൂട്ടായ്‌മകളും നികേഷിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. സ്‌ത്രീകളടക്കമുള്ളവര്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുവെന്നത് നേട്ടമാകുമെന്നാണ് ഇടതുചിന്ത.

കെഎം ഷാജിയാണ് മണ്ഡലത്തില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി. താന്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ വര്‍ഗീയവിരുദ്ധ പ്രതിച്ഛായയും ഒക്കെയാണ് പ്രചാരണവിഷയങ്ങള്‍. എന്നാല്‍ 2011ല്‍ യുഡിഎഫിന് വേണ്ടി മത്സരിച്ച മുസ്ലീം ലീഗിന്റെ യുവ നേതാവ് നേരിയ വോട്ടിനാണെങ്കിലും പ്രകാശനെ മറിച്ചിട്ട് എംഎല്‍എ ആയി. 493 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണ് ഇവിടെ കെ എം ഷാജിക്ക് ഉള്ളത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണെങ്കില്‍ 7595 വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണി നേടിയിരുന്നു. ഈ കാര്യങ്ങള്‍ നല്‍കുന്ന പ്രതീക്ഷയാണ് നികേഷിലൂടെ മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്ന് ഇടത്മുന്നണിക്ക് ധൈര്യമുണ്ടാക്കുന്നത്.

വീണാ ജോര്‍ജിന്റെ സാധ്യത:-

ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം കൊട്ടിഘോഷിക്കപ്പെട്ട വാര്‍ത്തയായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായിട്ടാണ് ആറന്മുള വിധിയെഴുതിയത്. സഭയുടെ നോമിനിയെന്ന ആരോപണവും മാധ്യമപ്രവര്‍ത്തകയെ സ്ഥാനാര്‍ഥിയാക്കിയെന്നുമുള്ള പ്രചാരണം പാര്‍ട്ടിയില്‍ തന്നെ ശക്തമായ നിലയ്‌ക്ക് അതിശക്തമായ പ്രചാരണം നടത്തിയാല്‍ മാത്രമെ ജയം ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

മണ്ഡലത്തില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. സിറ്റിംഗ് എല്‍എയായ ശിവദാസന്‍ നായരാണ് യുഡിഫിന്റെ സ്ഥാനാര്‍ഥി. ബിജെപിയുടെ ടിക്കറ്റില്‍ കളത്തിലിറങ്ങുന്നത് എംടി രമേശുമാണ്. ഈ സാഹചര്യത്തില്‍ പോര് മുറുകുമെന്നാണ് ലഭിക്കുന്ന വിവരം. പാളയത്തില്‍ നിന്നു തന്നെ എതിര്‍പ്പ് ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ വീണാ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. യുഡിഎഫ് പഴയ വോട്ടുകള്‍ നിലനിര്‍ത്തുകയും ബിജെപി കൂടുതല്‍ വോട്ടുകള്‍ പിടിക്കുകയും ചെയ്‌താല്‍ വീണയുടെ കാര്യങ്ങള്‍ പരുങ്ങലിലാകും.

അതിശക്തമായ എതിര്‍പ്പിനൊപ്പം പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള പടലപ്പിണക്കവും വീണയ്‌ക്ക് തിരിച്ചടി നല്‍കിയേക്കാം. വീണയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാനുള്ള സിപിഎം ജില്ലാസംസ്ഥാന സെക്രട്ടറിയേറ്റുകളുടെ തീരുമാനത്തിനെതിരെ പ്രതിഷേധമാണ് ഉയര്‍ന്നത്. സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് 250തോളം പേര്‍ പാര്‍ട്ടി വിട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുഅവരുന്നുണ്ട്. ഇതെല്ലാം വീണയ്‌ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. ആറന്മുള വിമാനത്താവള വിഷയവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നുണ്ട്. വിമാനത്താവളത്തിനെ ബിജെപി എതിര്‍ക്കുബോഴാണ് സിപിഎം അനുകൂലിക്കുന്നതെന്നതും പ്രചാരണ വിഷയമാകും. ഈ സാഹചര്യങ്ങളും മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചാരണമാണ് വീണാ നടത്തുന്നത്.
സ്‌ത്രീകളുടെയും യുവാക്കളുടെ വോട്ട് പെട്ടിയില്‍ വീഴുമെന്ന കടുത്ത വിശ്വാസത്തിലാണ് സിപിഎം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :