ബാര്‍ കോഴക്കേസ് അട്ടിമറിക്കപ്പെടുന്നു, സോളാര്‍ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം: കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍ , ബാര്‍ കോഴക്കേസ് , സിപിഎം , കെഎം മാണി
തിരുവനന്തപുരം| jibin| Last Updated: ശനി, 20 ജൂണ്‍ 2015 (13:24 IST)
ബാര്‍ കോഴക്കേസ് അട്ടിമറിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പിനെ കൃത്യമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുവദിക്കുന്നില്ല. കരിപ്പൂര്‍ സംഭവം കൈകാര്യം ചെയ്തതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസ് അട്ടിമറിക്കപ്പെടുന്നതിന്റെ ഭാഗമായിട്ടാണ് ധനമന്ത്രി കെഎം മാണിക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാത്തത്. കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കാത്ത സർക്കാരിന്റെ നിലപാട് നീതിന്യായ വ്യവസ്ഥയുടെ മേലുള്ള കടന്നുകയറ്റമാണ്. കുറ്റപത്രം നിലനിൽക്കുമോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സർക്കാരിനെ നിലനിറുത്താൻ മാണിയെ വഴിവിട്ട് സഹായിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പികെ കുഞ്ഞാലിക്കുട്ടി, കെഎം മാണി എന്നിവരെ ആശ്രയിച്ചാണ് സർക്കാർ നിലനിൽക്കുന്നത്. ഇവരില്‍ ആരെങ്കിലും പിണങ്ങിയാല്‍ സർക്കാർ വീഴുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതിനാൽ മാണിയെ രക്ഷിക്കാൻ മുഖ്യമന്ത്രി നേരിട്ട് ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

സോളാർ കേസിലെ പുതിയ വെളിപ്പെടുത്തൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണം.
സോളാർ കേസ് അന്വേഷണത്തിൽ സർക്കാരിന് വീഴ്ച വന്നിട്ടുണ്ട്.
സോളാർ കേസ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ നിയമവാഴ്ചയിലെ വീഴ്ചയെയാണ് കാണിക്കുന്നത്. കേസിലെ മുഴുവൻ തെളിവുകളും പുറത്ത് വന്നാൽ യുഡിഎഫ് സർക്കാർ വീഴുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്ത് ഭരണസ്തംഭനമാണ്. കരിപ്പൂർ അടക്കമുള്ള സംഭവങ്ങൾ ഇതിന് തെളിവാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിക്കും. തിരുവനന്തപുരം ജില്ലയിലെ അവികസിത മണ്ഡലമാണ് അരുവിക്കര. സർക്കാരിന്റെ അഴിമതിക്കും അവഗണനയ്ക്കുമെതിരെ ജനങ്ങൾ അരുവിക്കരയിൽ വിധി എഴുതുമെന്നും കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :