ബാർ‌ ഉടമകളുടെ നുണ പരിശോധന: തീരുമാനം ഇന്ന്

ബാര്‍ കോഴ , ബിജു രമേഷ് , കെ എം മാണി , വിജിലൻസ്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 25 മെയ് 2015 (08:22 IST)
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ കാര്‍ ഡ്രൈവര്‍ അമ്പിളി നല്‍കിയ മൊഴി ശരിയാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ബാർ അസോസിയേഷൻ ഭാരവാഹികളായ അഞ്ചുപേരെ നുണപരിശോധനയ്ക്കു വിധേയരാക്കണമെന്ന വിജിലൻസ് ആവശ്യത്തിൽ ബാർ ഉടമകളുടെ നിലപാട് ഇന്നു രാവിലെ തീരുമാനിക്കും. നുണപരിശോധനയ്ക്കു മുൻപു നടത്തിയ വൈദ്യപരിശോധനയുടെ റിപ്പോർട്ട് ഇന്നു രാവിലെ ലഭിക്കും.

ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി, ജനറൽ സെക്രട്ടറി എം.ഡി. ധനേഷ്, കൃഷ്ണകുമാർ പോളക്കുളത്ത്, ജോൺ കല്ലാട്ട്, ശ്രീവൽസൻ എന്നിവരെ നുണപരിശോധന നടത്തണമെന്നാണു വിജിലൻസ് എസ്പി: ആർ. സുകേശൻ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ വിജിലൻസ് പ്രത്യേക കോടതി ആവശ്യപ്പെട്ടെങ്കിലും രണ്ടുതവണ ഇവർ സമയം നീട്ടിച്ചോദിച്ചു. കഴിഞ്ഞതവണ സമയം നീട്ടിച്ചോദിച്ചപ്പോഴാണു ജഡ്ജി ജോൺ കെ. ഇല്ലിക്കാടൻ 25ന് ഇക്കാര്യത്തിൽ നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.

നേരത്തേ വിജിലൻസ് ഡയറക്ടർ നുണപരിശോധന ആവശ്യപ്പെട്ടപ്പോൾ തയാറല്ലെന്നാണ് ഇവർ മറുപടി നൽകിയത്. എന്നാൽ, കഴിഞ്ഞ ദിവസം ചേർന്ന ബാർ അസോസിയേഷൻ യോഗത്തിൽ വൈദ്യപരിശോധനയ്ക്കുശേഷം നുണപരിശോധനയ്ക്കു ഹാജരാകാൻ തീരുമാനിച്ചു. വിജിലൻസിനു കൂടുതൽ തെളിവു നൽകാനും തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ കീഴിലുള്ള ഫോറന്‍സിക്ക് ഡിപ്പാര്‍ട്ട്മെന്റാണ് അമ്പിളിയെ നുണപരിശോധനയ്ക്ക് വിധയേനാക്കിയത്. ഫോറന്‍സിക്ക് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. കോടതി ഇതു അന്വേഷണ സംഘത്തിനു വൈകാതെ കൈമാറും. നുണപരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ ശാസ്ത്രീയ തെളിവായി പരിഗണിക്കുവാന്‍ സാധിക്കില്ല. എന്നാല്‍ കേസിന് ഇതു കൂടുതല്‍ ബലം നല്‍കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :