മാണി കുടുങ്ങിയേക്കും; ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി സത്യമെന്ന് നുണപരിശോധനാ റിപ്പോര്‍ട്ട്

ബാര്‍ കോഴക്കെസ് , കെഎം മാണി , ബിജു രമേശ് , അമ്പിളി
തിരുവനന്തപുരം| jibin| Last Updated: ഞായര്‍, 24 മെയ് 2015 (18:55 IST)
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെയുള്ള തെളിവുകള്‍ ശക്തമാകുന്നു. ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ കാര്‍ ഡ്രൈവര്‍ അമ്പിളി നല്‍കിയ മൊഴി ശരിയാണെന്ന് തെളിഞ്ഞു. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്‌ക്കു വിധേയമാക്കിയാണ് വിജിലന്‍സ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാക്കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ കീഴിലുള്ള ഫോറന്‍സിക്ക് ഡിപ്പാര്‍ട്ട്മെന്റാണ് നുണപരിശോധന നടത്തിയത്. ഫോറന്‍സിക്ക് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. കോടതി ഇതു അന്വേഷണ സംഘത്തിനു വൈകാതെ കൈമാറും. നുണപരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ ശാസ്ത്രീയ തെളിവായി പരിഗണിക്കുവാന്‍ സാധിക്കില്ല. എന്നാല്‍ കേസിന് ഇതു കൂടുതല്‍ ബലം നല്‍കും.

താന്‍ ഓടിച്ചിരുന്ന കാറിലാണ് ബാറുടമകള്‍ മന്ത്രിയുടെ വസതിയിലെത്തി പണമടങ്ങിയ പെട്ടി കൈമാറിയതെന്നായിരുന്നു അമ്പിളി മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണ സംഘം ഇയാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു, തുടര്‍ന്ന് ഇയാള്‍ പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു. അമ്പിളിക്ക് നടത്തിയ നുണപരിശോധനയുടെ റിപ്പോര്‍ട്ട് പുറത്തായതോടെയാണ് അമ്പിളി നേരത്തെ മൊഴിയില്‍ പറഞ്ഞത് പരിശോധനയിലും ആവര്‍ത്തിച്ചു പറഞ്ഞതായി അറിയാന്‍ കഴിഞ്ഞത്‌.

ഈ സാഹചര്യത്തില്‍ മാണിക്കെതിരെയുള്ള തെളിവുകള്‍ കൂടുതല്‍ ശക്തമാകുകയാണ്. അതേസമയം ബിജു രമേശ് കൂടുതല്‍ ആരോപണങ്ങളുമായി ഇന്നെത്തിയിരുന്നു. മന്ത്രിമാര്‍ക്ക് പുറമെ എംഎല്‍എമാര്‍ക്കും കോഴകൊടുത്തതായും. എംഎല്‍എമാര്‍ക്ക് പണം കൊടുത്തതിന്റെ കണക്കും തന്റെ പക്കലുണ്ടെന്നുമാണ് ബിജു രമേശ് പറഞ്ഞത്.

പലര്‍ക്കും നല്‍കാനായി ബാറുടമകളില്‍ നിന്ന് 24 കോടി രൂപയാണ് പിരിച്ചതെന്ന് ബിജു പറഞ്ഞു. കേസിനുവേണ്ടി അഞ്ചു കോടി രൂപയോളം പിരിച്ചു. ഓരോ ബാറുടമകളില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ് പിരിച്ചത്. മന്ത്രി കെ ബാബുവിന് പണം ഓഫീസില്‍ കൊണ്ടു നല്‍കിയത് താനാണെന്നും ബിജു പറഞ്ഞു.
ഇനി മാണിക്ക് പണം കൊടുക്കരുതെന്ന് തന്നോട് മുഖ്യമന്ത്രി പറഞ്ഞതായും ബിജു രമേശ് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :