ആര്യയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി; മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി, സംസ്കാരം വ്യാഴാഴ്ച

തൃശൂർ| VISHNU N L| Last Modified ചൊവ്വ, 21 ജൂലൈ 2015 (15:16 IST)
കോന്നിയിലെ പ്ലസ് ടു വിദ്യാര്‍ഥിനി സുരേഷിന്‍റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുപോയി. തലയിലേറ്റ ആഴമേറിയ ക്ഷതവും ഹൃദയസ്തംഭനവുമാണു മരണകാരണമെന്നാണാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. മെഡിക്കല്‍ കോളജ് ഫൊറന്‍സിക് സര്‍ജന്‍ ഡോ.ഷെയ്ഖ് സക്കീര്‍ ഹുസൈന്‍ പ്രാഥമിക വിവരങ്ങള്‍ അന്വേഷണസംഘത്തെ ധരിപ്പിച്ചു. ആര്യയുടെ പിതാവ് സുരേഷ് വിദേശത്തുനിന്നെത്തിയ ശേഷമേ സംസ്കാരമുണ്ടാകൂ. അതിനാല്‍ സംസ്കാരം വ്യാഴാഴ്ചയോടെയുണ്ടാകുകയുള്ളു.

അതേസമയം വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടും കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചില്ലെന്ന് ആര്യയുടെ ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടികള്‍ കാണാതായെന്നു പരാതി നല്‍കിയപ്പോള്‍ ബന്ധുക്കളെ മാനസീകമായി അധിക്ഷേപിക്കുന്ന തരത്തില്‍ ചോദ്യം ചെയ്യാനാണ് പൊലീസ് ശ്രമിച്ചത്. ഒന്‍പതാം തീയതി പെണ്‍കുട്ടി മാവേലിക്കരയിലും എറണാകുളത്തും ഉണ്ടെന്ന വിവരം ലഭിച്ചിട്ടും കണ്ടെത്താനോ യാത്ര തടയാനോ നടപടിയെടുത്തില്ല. ഇതേക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുമെന്നു ബന്ധുക്കള്‍ പറഞ്ഞു.

ആര്യയും ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനികളായ എസ്. രാജിയും ആതിര ആർ. നായരും ഒൻപതിന് സ്കൂളിലേക്കെന്നു പറഞ്ഞ് വീടുകളിൽ നിന്നിറങ്ങിയ ശേഷം മൂവരെയും കാണാതാവുകയായിരുന്നു. 13ന് രാവിലെ മങ്കര–ലക്കിടി റയിൽവേ സ്റ്റേഷനുകൾക്കിടയിൽ റയിൽവേ ട്രാക്കിൽ ആതിരയുടെയും രാജിയുടെയും മൃതദേഹങ്ങൾക്കു സമീപം ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന ആര്യയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :