19 ലക്ഷം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

കോഴഞ്ചേരി| Last Modified വെള്ളി, 13 നവം‌ബര്‍ 2015 (13:23 IST)
പത്രപരസ്യം നല്‍കി വായ്പ തട്ടിപ്പ് നടത്തിയ വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുല്ലയ്ക്കല്‍ വെളുത്തശേരി രഹനാ മന്‍സിലില്‍ ഹാരിസ് എന്ന 45 കാരനാണു പൊലീസ് വലയിലായത്.

വീടുപണിയാനും വിവാഹാവശ്യങ്ങള്‍ക്കും ലളിതമായ വ്യവസ്ഥയില്‍
വായ്പ നല്‍കും എന്ന് പത്ര പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ ഇയാള്‍ 19 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണു കണക്കാക്കുന്നത്. വായ്പയുടെ തോത് അനുസരിച്ച് ഫോണിലൂടെ ബന്ധപ്പെടുന്ന കക്ഷികളില്‍ നിന്ന് ആദ്യം തന്നെ നയത്തില്‍ പ്രോസസിംഗ് ഫീസ്, നികുതി എന്നീ നിലകളില്‍ ഒരു തുക ഇയാളുടെ അക്കൌണ്ടിലേക്ക് ആദ്യം അടപ്പിക്കും.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡും മറ്റും ഉപയോഗിച്ച് തുറക്കുന്ന ബാങ്ക് അക്കൌണ്ടുകള്‍ പണം ലഭിച്ചാലുടന്‍ ക്ലോസ് ചെയ്യുകയും ചെയ്യും. തട്ടിപ്പിനിരയാവര്‍ എല്ലാം തന്നെ സ്ത്രീകളാണ്. പുരുഷന്മാരായ കക്ഷികള്‍ വിളിച്ചാലും ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്.

മല്ലപ്പള്ളി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശാനുസരണം ആറന്മുള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :