പ്രകൃതിക്ഷോഭ പുനരുദ്ധാരണത്തിന് 53.60 കോടി രൂപ

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (19:43 IST)
വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 53.60 കോടി രൂപ ജില്ലകള്‍ക്ക് അനുവദിച്ചതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ജില്ലാ കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിട്ടുള്ളത്. വരള്‍ച്ചബാധിത പ്രദേശത്ത് ജലവിതരണത്തിനും കൃഷിനാശമുണ്ടായ ഇടങ്ങളില്‍ വിത്തും വളവും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും ഉള്ള പണവും ഇതില്‍ ഉള്‍പ്പെടും.

വീടുകള്‍, റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ജലവിതരണ സംവിധാനങ്ങള്‍, മത്സ്യബന്ധനയാനങ്ങള്‍ എന്നിവയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കാലവര്‍ഷക്കെടുതിയില്‍ ശാരീരികക്ഷതം സംഭവിച്ചവര്‍ക്കും കൃഷിയിടങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും അനുവദിച്ച സഹായവും ഇതില്‍ ഉള്‍പ്പെടും.

അനുവദിച്ച തുക : തിരുവനന്തപുരം - 8.20 കോടി, കൊല്ലം -രണ്ട്, പത്തനംതിട്ട-5.02, ആലപ്പുഴ-രണ്ട്, കോട്ടയം-5.26, ഇടുക്കി -5.89, തൃശ്ശൂര്‍-3.75, പാലക്കാട് -5.50, മലപ്പുറം-ഒന്ന്, കോഴിക്കോട്- 5.58, വയനാട് -1.26, കണ്ണൂര്‍ -6.62, കാസര്‍ഗോഡ് -1.50 കോടി എന്നീ ക്രമത്തിലാണ് പണം അനുവദിച്ചിട്ടുള്ളത്.

അനുവദിച്ച തുക നിശ്ചിത ആവശ്യങ്ങള്‍ക്ക് എത്രയുംവേഗം വിനിയോഗിക്കുവാനും കാലവര്‍ഷം ശക്തിപ്പെടാനുള്ള സാഹചര്യം മുന്നില്‍ക്കണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാനും കളക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :