രേണുക വേണു|
Last Modified ബുധന്‍, 11 ഡിസംബര്‍ 2024 (09:29 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിത. ശ്രീലേഖ ഒരു ഓണ്‍ലൈന്‍ ചാനലില്‍ നടത്തിയ പരാമര്‍ശമാണ് ഹര്‍ജിക്കു ആസ്പദം. വിചാരണ കോടതിയിലാണ് അതിജീവിത മുന്‍ ഡിജിപിക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപുമായി ബന്ധപ്പെട്ടാണ് ശ്രീലേഖ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പരാമര്‍ശം നടത്തിയത്. ദിലീപിനെതിരെ തെളിവില്ല എന്നതായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത് ഉചിതമല്ലെന്നാണ് അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രധാന ഘട്ടം പൂര്‍ത്തിയാക്കി. ഇന്നുമുതല്‍ കേസില്‍ അന്തിമവാദം ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. ആദ്യം പ്രോസിക്യൂഷന്റെ വാദവും തുടര്‍ന്ന് പ്രതിഭാഗത്തിന്റെ വാദവും നടക്കും. ഒരു മാസം കൊണ്ട് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കും. അതിനു ശേഷം കേസ് വിധി പറയാനായി മാറ്റും. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന അപൂര്‍വ്വതയുള്ള കേസില്‍ ആറു വര്‍ഷവും 9 മാസവും നീണ്ട ദീര്‍ഘ വിചാരണയാണ് നടന്നത്. പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപ് ആണ് എട്ടാം പ്രതി.