സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 12 ഡിസംബര്‍ 2024 (11:44 IST)
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇയാള്‍ നടി അനുശ്രീയുടെ വാഹനം മോഷ്ടിച്ചത്. ഇഞ്ചക്കാടുള്ള പേ ആന്‍ഡ് പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് ഇയാള്‍ മോഷ്ടിച്ചത്. നടി തിരികെ വന്നപ്പോള്‍ വാഹനം കാണാതാവുകയായിരുന്നു. പിന്നാലെ പോലീസില്‍ പരാതി നല്‍കി. വാഹനം മോഷ്ടിച്ച പ്രതി കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയശേഷം ജില്ല വിട്ടിരുന്നു. കാറുമായി വെള്ളട ഭാഗത്തെത്തിയ പ്രബിന്‍ റബ്ബര്‍ വ്യാപാര കേന്ദ്രത്തില്‍ നിന്ന് 500 കിലോ റബ്ബര്‍ മോഷ്ടിച്ചു.
ഞായറാഴ്ച കാറുമായി പത്തനംതിട്ടയിലെത്തിയ പ്രതി റബ്ബര്‍ ഷീറ്റ് ഇവിടെ വിറ്റു. പിന്നീട് പണവുമായി കോഴിക്കോട് പോയി. പിന്നാലെ മറ്റൊരു വാഹനവുമായി ഈ കാര്‍ കൂട്ടിയിടിക്കുകയും പ്രബിന്‍ വാഹനം ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയും ചെയ്തു. അവിടെനിന്ന് ഇരുചക്ര വാഹനവും മോഷ്ടിച്ച് കൊല്ലത്തേക്ക് പോയി. കൊട്ടാരക്കരയില്‍ വച്ച് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. സ്ഥിരമായി വാഹനം മോഷ്ടിക്കുന്ന ആളാണ് പ്രതി. പിടിക്കപ്പെടാതിരിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ കയറാറില്ല. മറ്റു വാഹനങ്ങളിലെ പെട്രോള്‍ മോഷ്ടിച്ചാണ് മോഷ്ടിക്കപ്പെട്ട വാഹനങ്ങളില്‍ പെട്രോള്‍ നിറയ്ക്കുന്നത്.